തെലങ്കാന: സ്കൂൾ പ്രിൻസിപ്പലുടെ ഇപ്പോഴത്തെ ജോലി ഇഡ്ഡലി വിൽപ്പന. ഇഡ്ഡലി മാത്രമല്ല, ദോശ,വട എന്നിങ്ങനെ പോകുന്നു പലഹാരങ്ങളുടെ നിര. തെലങ്കാനയിലെ ഖമ്മത്തിലെ ഒരു സ്വകാര്യ സ്കൂൾ പ്രിൻസിപ്പാളുടെ നിലവിലെ സ്ഥിതിയാണിത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടപ്പെട്ടതോടെ ഒരു തട്ടുകട തുടങ്ങുകയായിരുന്നു ഇദ്ദേഹം. അതുപോലെ റാഞ്ചിയിലെ ഒരു സോഷ്യൽ സയൻസ് അദ്ധ്യാപകൻ തന്റെ നെൽവയലിൽ കൃഷി ചെയ്യുന്നു. നൽഗൊണ്ടയിലെ ഇംഗ്ലീഷ് ടീച്ചർ ഇൻഷുറൻസ് പോളിസികൾ വിൽക്കാനും തുടങ്ങി. സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപകരുടെ നിലവിലെ അവസ്ഥകളാണിത്.
കൊവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ പിരിച്ചുവിടലും തുടർന്ന് തൊഴിൽ നഷ്ടമായവരുമാണ് ഈ ജോലിക്കിറങ്ങി തിരിച്ചത്. സാമ്പത്തിക സ്ഥിതി ഇല്ലാതായതോടെ ഉപജീവനത്തിന് മാർഗമില്ലാതായി. ഇത്തരത്തിൽ നിരവധി പേരാണ് ചെറുകിട വ്യാപാരത്തിലേക്ക് ഇറങ്ങിയത്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ചത്. രാജ്യത്തുടനീളമുള്ള സ്വകാര്യ സ്കൂളിലെ നിരവധി അദ്ധ്യാപകർക്ക് തൊഴിൽ നഷ്ടമായി. മാതാപിതാക്കൾക്ക് ഫീസായി പണം അടയ്ക്കാൻ സാധിക്കാത്തതോടെ മാനേജ്മെന്റുകൾക്കും അദ്ധ്യാപകർക്ക് ശമ്പളം നൽകാനാകാത്ത അവസ്ഥയായി.
സ്ഥിതിഗതികൾ മിക്ക അദ്ധ്യാപകരുടെയും കുടുംബത്തെ ബാധിച്ചു. പാറ്റ്ന ,റാഞ്ചി തുടങ്ങിയ നഗരങ്ങളിലെ പലരും തന്നെ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങേണ്ട അവസ്ഥയായി. ഇനിയുള്ള ജൂലായ് -ആഗസ്റ്റ് മാസങ്ങളിൽ വിദ്യാർത്ഥികൾക്ക് സ്കൂളുകളിലേക്ക് തിരിച്ചെത്താൻ സാധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാവുമെന്ന് ബീഹാർ ശേഖ്പുര സ്വദേശിയായ 28 കാരനായ സയൻസ് അദ്ധ്യാപകൻ പറയുന്നു. പലരോടും വായ്പവാങ്ങിയും ക്രഡിറ്റ് കാർഡിലൂടെയും കുടുംബത്തെ സഹായിക്കുന്നതായി അദ്ദേഹം പറയുന്നു.
വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് ലോക്ക് ഡൗണിൽ ജോലി നഷ്ടപ്പെട്ടതിനാൽ ഫീസ് അടയ്ക്കാൻ പണം ലഭിക്കുന്നില്ല. ഇക്കാര്യം അവർ അദ്ധ്യാപകരെ അറിയിച്ചിരുന്നു.-തെലങ്കാനയിലെ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അംഗം ഷബീർ അലി പറഞ്ഞു. എന്ത് ചെയ്യാൻ കഴിയുമെന്ന് പാറ്റ്നയിലെ ഒരു സ്കൂൾ ഉടമ ചോദിക്കുന്നു.
ഞങ്ങൾ ഓൺലെെൻ ക്ലാസ് ആരംഭിച്ചെങ്കിലും 70 ശതമാനം രക്ഷിതാക്കളും ഇപ്പോൾ ഫീസ് അടയ്ക്കുന്നില്ല. പലർക്കും ഓൺലെെൻ ക്ലാസിൽ പങ്കുചേരാൻ സ്മാർട്ട് ഫോണുകളില്ല. ഇതിനായി ഞങ്ങൾ ശ്രമം നടത്തി വരികയാണ്. സ്വകാര്യ സ്കൂളിലെ അദ്ധ്യാപകരുടെ അവസ്ഥ ഇതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതുവരെ തെലങ്കാനയിലെ ഖമ്മം സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പലായിരുന്നു മരഗാനി റമ്പാബു. 22,000 രൂപ ശമ്പളമുണ്ടാരുന്ന ഇവർക്ക് ഇന്ന് ശമ്പളമില്ല. ഖമ്മത്തിലെ മില്ലേനിയം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പ്രിൻസിപ്പലായിരുന്ന ഇദ്ദേഹത്തെ ലോക്ക് ഡൗൺ പിൻവലിക്കുന്നതുവരെ പ്രിൻസിപ്പലായി ആവശ്യമില്ലെന്നും പറഞ്ഞ് മാനേജ്മെന്റ് പിരിച്ചുവിടുകയായിരുന്നു.
സ്കൂൾ തുറക്കുന്നതുവരെ ആവശ്യമില്ലെന്ന് മാനേജ്മെന്റ് തീരുമാനമെടുക്കുകയായിരുന്നു. ഭാര്യയെയും രണ്ട് മക്കളെയും പോറ്റാൻ മറ്റ് ഉപജീവനമാർഗം ഇല്ലാത്തതിനാൽ ഇദ്ദേഹം ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ച ജൂൺ അഞ്ച് മുതൽ ഒരു ഭക്ഷണ സ്റ്റാൾ ആരംഭിക്കുകയായിരുന്നു. ആദ്യം തീരുമാനം വിചിത്രമായി എന്ന് തോന്നി. 2,000 രൂപയ്ക്ക് ഒരു ഉന്തുവണ്ടി വാങ്ങി. തുടർന്ന് ഭാര്യയെയും കൂടെക്കൂടി. ഇഡ്ഡലി, ദോശ, വട വിൽപ്പന ആരംഭിച്ചു. ദിവസവും 200 രൂപയുടെ ലാഭമുണ്ടാക്കുന്നു.-അദ്ദേഹം പറയുന്നു.
ഇതുപോലെത്തന്നെയാണ് തെലങ്കാനയിലെ മറ്റ് അദ്ധ്യാപകരുടെ അവസ്ഥയും. സ്കൂളിൽ നിന്ന് ഒരു അറിയിപ്പ് ഉണ്ടാകുന്നവരെ വരേണ്ടതില്ല എന്ന് വിലക്കി. ഏപ്രിൽ മുതൽ ശമ്പളമില്ല. പിന്നെ ഇൻഷുറൻസ് ഏജന്റായ സുഹൃത്ത് ഒരു കമ്പനി പരിചയപ്പെടുത്തി. ഇപ്പോൾ ഇൻഷുറൻസ് പോളിസികൾ വിൽക്കുന്നു. 5000 രൂപവരെ ലഭിക്കുന്നു. എന്നാൽ ആറ് പേരടങ്ങുന്ന കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാൻ ഇത് പര്യാപ്തമല്ലെന്നും ഒരു അദ്ധ്യാപകൻ പറയുന്നു. ഇതുപോലെ മറ്റാരദ്ധ്യാപകൻ പാടത്ത് കൃഷിപ്പണിക്കായി ഇറങ്ങി. കൃഷിയിടത്തിൽ തൊഴിലാളികൾക്ക് ശമ്പളം നൽകാൻ പണമില്ലാത്തതിനാൽ സ്വയം കൃഷിയിടത്തിലേക്കിറങ്ങി തിരിക്കുകയായിരുന്നു.