sushanth

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ഈ ദിനത്തിൽ ഡോ സുൽഫി നൂഹ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വൈദ്യശാസ്ത്ര മേഖലയിലെ ഒരു പഠനങ്ങളിലും യോഗ മറ്റേതെങ്കിലും വ്യായാമത്തെക്കാൾ മികച്ചതാണെന്ന് പറയുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

അതോടൊപ്പം അടുത്തിടെ അന്തരിച്ച നടൻ സുശാന്ത് സിംഗിന്റെ ആത്മഹത്യയെപ്പറ്റിയും ഡോക്ടർ കുറിപ്പിൽ പ്രതിപാദിക്കുന്നുണ്ട്. വിഷാദ രോഗം മൂലമാണ് സുശാന്ത് ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മരുന്നുകൾക്ക് പകരം യോഗ ശീലമാക്കിയത് സുശാന്തിനെ മരണത്തിലേക്ക് വലിച്ചടുപ്പിച്ചുവെന്നുള്ളത് തീർച്ചയാണെന്ന് ഡോക്ടർ കുറിപ്പിലൂടെ ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയ സുശാന്ത്??
============

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം.

മരണത്തിന് ശേഷമാണ് ഞാൻ താങ്കളുടെ സിനിമകളിലേറെയും , കൂടാതെ ചില വീഡിയോകളും കണ്ടത് .

അത് പലപ്പോഴും അങ്ങനെയാണല്ലോ.

ജീവിച്ചിരിക്കുമ്പോൾ മഹത്വം തിരിച്ചറിയാൻ നാം പാടുപെടും. താങ്കളെ കുറിച്ച് കുറഞ്ഞത് എനിക്കെങ്കിലും അങ്ങനെ തന്നെ സംഭവിച്ചു

ഒരുപക്ഷേ ചുവടുവയ്പുകളിലെ ഒഴുക്കും താളവും, ഭാവാഭിനയത്തിലെ ലാളിത്യവും താങ്കൾ 'കിംഗ് ഖാനെ'ക്കാൾ ഒരുപടി മുന്നിലായിരുന്നുവെന്ന് വളരെ താമസിച്ച് ഞാൻ തിരിച്ചറിയുന്നു.

അകാലത്തിലെ താങ്കളുടെ നിര്യാണത്തിന് ധാരാളം കാരണങ്ങളുണ്ടാകാം .

കരിയറിലെ ചില തിരിച്ചടികൾ, വ്യക്തിജീവിതത്തിലെ നഷ്ടങ്ങൾ ഒറ്റപ്പെടലിന്റെ ബുദ്ധിമുട്ടുകൾ അങ്ങനെ പലതും.

ഇവയെല്ലാമായിരിക്കണം താങ്കളെ കടുത്ത വിഷാദരോഗത്തെലേക്ക് തള്ളിവിടാനുണ്ടായ കാരണങ്ങളിൽ ചിലത്.

താങ്കളോട് അടുത്ത് നിന്നവർ ചൂണ്ടിക്കാണിക്കുന്നത് പോലെ യോഗ യിലേക്ക് മാത്രമായി താങ്കൾ വഴുതിവീണു പോയോ എന്നുള്ളത് എന്നെ ഉത്കണ്ഠാകുലനാക്കുന്നു .

വിഷാദരോഗത്തിന് ഒരു ശാസ്ത്രീയ അടിത്തറയുണ്ട് .
അതിൽ ശരീരത്തിലെ നിരവധി രാസവസ്തുക്കളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ കാരണമാകുന്നു.

അതുകൊണ്ടുതന്നെ വിഷാദരോഗികളിൽ മരുന്നുകൾ ഒഴിവാക്കാൻ കഴിയില്ല.

മരുന്നുകൾക്ക് പകരം യോഗ ശീലമാക്കിയത് താങ്കളെ മരണത്തിലേക്ക് വലിച്ചടുപ്പിച്ചുവെന്നുള്ളത് തീർച്ചയാണ്.

ഇതുതന്നെയാണ് യോഗയെ കുറിച്ച് പലർക്കുമുള്ള പരാതിയും.

വൈദ്യശാസ്ത്ര മേഖലയിലെ ഒരു പഠനങ്ങളിലും യോഗ മറ്റേതെങ്കിലും വ്യായാമത്തെക്കാൾ മികച്ചതാണെന്ന് പറയുന്നില്ല ,എന്നു മാത്രമല്ല, ജീവിതശൈലി രോഗങ്ങൾ തടയുന്നതിന് നടത്തം , നീന്തൽ തുടങ്ങിയ ഒട്ടനവധി വ്യായാമ മാർഗ്ഗങ്ങളെക്കാൾ ഗുണം ചെയ്യുമെന്ന് ഒരു പഠനവും പറയുന്നില്ല.

അപൂർവം ചില പഠനങ്ങൾ മാനസികമായ ഉല്ലാസത്തിന് ചിലപ്പോഴൊക്കെ യോഗ സഹായിക്കാമെന്നും പറയുന്നുണ്ട്.

അത് ഒരുപക്ഷേ ഒരല്പം പാട്ട് കേൾക്കുന്നത് പോലെ,ജീവിത പങ്കാളിയോട് ,
അടുത്ത കൂട്ടുകാരനോട് സംസാരിക്കുന്നത് പോലെ .
അത്രയ്‌ക്കൊക്കെ ഗുണമുണ്ട് എന്നുള്ളത് മാത്രമാണ് യോഗയുടെ ഗുണം.

അതായത് ജീവിതശൈലി രോഗങ്ങളൊ ഗുരുതരമായ മറ്റ് രോഗങ്ങളൊ തടയുന്നതിൽ മറ്റു പല വ്യായാമങ്ങളുടെ അടുത്തെങ്ങുമെ ത്താൻ യോഗയ്ക്ക് കഴിയില്ല എന്നുള്ളത് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്.

അഥവാ അങ്ങനെ എന്തെങ്കിലും ഗുണം ഉണ്ടെങ്കിൽ പഠനങ്ങളിലൂടെ അത് തെളിയിക്കപ്പെട്ടാൽ മാത്രമേ ആധികാരികമായി സ്വീകരിക്കാൻ കഴിയുകയുള്ളൂ

അങ്ങനെയിരിക്കെ വിഷാദരോഗത്തിന് മരുന്നുകൾ നിർത്തി യോഗ ചെയ്യാൻ തുടങ്ങിയത് എന്നെ അത്ഭുതപ്പെടുത്തി.

ഇതുതന്നെയാണ് ഇതിന്റെ അപകടവും

വ്യായാമങ്ങൾക്കും മരുന്നുകൾക്കും ചികിത്സകൾക്കും പകരം വയ്ക്കാൻ യോഗക്ക് ആവില്ല തന്നെ.

അത്തരം പകരം വയ്ക്ക്ലുകൾ ധാരാളം ജീവനെടുക്കും എന്നുള്ളത് സുശാന്ത് സിങ് രാജ്പുത്തിന്റെ ഉദാഹരണത്തിലൂടെ തന്നെ നമുക്ക് വ്യക്തമായി കാണാം.

പ്രിയ സുശാന്ത്

താങ്കളെ ഇഷ്ടപ്പെട്ടിരുന്ന, ആരാധിച്ചിരുന്ന ധാരാളം പേർക്ക് ഈ കാര്യത്തിലെങ്കിലും താങ്കൾ മാർഗദർശി ആകാതെ പോകട്ടെ.

യോഗ മറ്റു വ്യായാമങ്ങളെക്കാൾ വളരെ പിന്നിൽ നിൽക്കുന്ന ഒരു വ്യയാമ മുറ.

അത്രേയുള്ളൂ

അതൊരു അത്ഭുത ചികിത്സാ മാർഗ്ഗമാ ണെന്നും വ്യായാമമുറയാണെന്നും പ്രചരിപ്പിക്കുന്നവർ ശാസ്ത്രം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഡോ സുൽഫി നൂഹു