കൊവിഡ് കാലത്ത് വാഹന വിപണിയിൽ യൂസ്ഡ് കാറുകൾക്ക് പ്രിയമേറുന്നു. സാമ്പത്തിക ഞെരുക്കത്തിന്റെ പശ്‌ചാത്തലത്തിൽ ചെലവ് കുറഞ്ഞ വാഹനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണ് ഉപഭോക്താക്കൾ. കൊവിഡിന് മുമ്പത്തെ വില്പന നിലയുടെ 99 ശതമാനത്തിലേക്കും ലോക്ക്ഡൗണിലെ ഇളവുകളുടെ പശ്‌ചാത്തലത്തിൽ യൂസ്ഡ് കാർ വിപണി എത്തിയെന്നാണ് ട്രെൻഡ് സൂചിപ്പിക്കുന്നത്.
രണ്ടുലക്ഷം മുതൽ അഞ്ചുലക്ഷം രൂപവരെ വിലയുള്ള സെക്കൻഡ് ഹാൻഡ് കാറുകളുടെ വില്പന, ലോക്ക്ഡൗണിന് മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. ഒരുലക്ഷം രൂപ മുതൽ അഞ്ചുലക്ഷം രൂപവരെ വിലയുള്ള കാറുകളുടെ വില്പന കണക്കാക്കിയാൽ, തിരിച്ചുവരവ് 77 ശതമാനമാണ്. അടുത്തിടെ ഒരു ഗവേഷണ സ്ഥാപനം പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ, 46 ശതമാനം പേർ പ്രതികരിച്ചത് അവർ സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നാണ്. പുതിയ കാർ വാങ്ങാൻ ആഗ്രഹിച്ച 22.6 ശതമാനം പേർ യൂസ്ഡ് കാറുകളിലേക്ക് ശ്രദ്ധ തിരിച്ചു.
ഓറഞ്ച് സോണുകളിലാണ് യൂസ്ഡ് കാറുകളുടെ വില്പന മുന്നിട്ടുനിൽക്കുന്നത്. അതിൽ, കർണാടകയാണ് ഒന്നാമത്. റെഡ് സോണുകളിലെ കച്ചവടത്തിൽ മുന്നിൽ മുംബയാണ്. അഞ്ചുലക്ഷം മുതൽ 15 ലക്ഷം രൂപവരെ വിലയുള്ള യൂസ്ഡ് എസ്.യു.വികൾക്കും നല്ല ഡിമാൻഡുണ്ട്. 15-20 ലക്ഷം രൂപ വിലയുള്ള സെഡാനുകൾക്കുമുണ്ട് അന്വേഷണം. യൂസ്ഡ് കാറുകളിലെ പ്രീമിയം വിഭാഗത്തിന്റെ തിരിച്ചുവരവ് അനുപാതം 50 ശതമാനമാണ്. സെക്കൻഡ് ഹാൻഡ് കാറുകളുടെ വിപണിയിലും ഒന്നാംസ്ഥാനത്ത് 23 ശതമാനം വിഹിതവുമായി മാരുതി സുസുക്കിയാണ്. ടാറ്രാ മോട്ടോഴ്‌സ്, ഹോണ്ട എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.