1. തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് സങ്കീര്‍ണ്ണം. ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. നഗരത്തില്‍ വിവിധ ഇടങ്ങളില്‍ ഓട്ടോയുമായി ഇയാള്‍ സഞ്ചരിച്ചു. ടെലിവിഷന്‍ സീരിയല്‍ ഷൂട്ടിങ്ങിലും പങ്കെടുത്തു. കരമന, ആനയറ, വട്ടിയൂര്‍ക്കാവ്, തിരുമല, പൂജപ്പുര, കുളത്തറ, പാല്‍ക്കുളങ്ങര, സ്റ്റാച്യു, വഞ്ചിയൂര്‍, തമ്പാനൂര്‍, പേരൂര്‍ക്കട, അമ്പലമുക്ക്, പാറ്റൂര്‍, തൃക്കണ്ണാപുരം, ചാക്ക, കൈതമുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ഓട്ടോ ട്രിപ്പ് നടത്തി. ഇന്ത്യന്‍ ബാങ്ക് ആറ്റുകാല്‍ ശാഖയിലും പോയി.
2. ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും. എം.എല്‍.എമാരുടെ യോഗവും വിളിക്കും. രോഗം കൈവിട്ട് പോകാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
3. ഒരാഴ്ചക്കിടെ തലസ്ഥാന ജില്ലയില്‍ ഉറവിട മറിയാതെ കൊവിഡ് ബാധിച്ചത് 7 പേര്‍ക്കാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ലോക്ക്ഡൗണില്‍ ഇളവ് വന്നതോടെ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പൊതുജനം മറന്ന മട്ടാണ്. ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ച് കര്‍ശന നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. തീരദേശ മേഖലയിലെ സ്‌ക്രീനിംഗ് ശക്തമാക്കും. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ആയി സ്വകാര്യ ആശുപത്രികളെയും പ്രയോജനപ്പെടുത്തും. കൊവിസ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പൊലീസിനും നിര്‍ദ്ദേശം നല്‍കി.
4. ജമ്മുകശ്മീരിലെ പൂഞ്ചില്‍ പ്രകോപനവുമായി പാക്കിസ്ഥാന്‍. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ മോട്ടാര്‍ ഷെല്‍ ആക്രമണം ഉണ്ടായി. രാവിലെ ആറുമണിയോടെ ആണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യം വച്ച് മോട്ടാര്‍ ഷെല്ലുകളയച്ചത്. ശക്തമായി തിരിച്ചടിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയില്‍ പാക്ക് പ്രകോപനം ഉണ്ടായിരുന്നു. ഇന്നലെ ബാരാമുള്ളയിലെ റാപൂരില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാലു നാട്ടുകാര്‍ക്ക് പരിക്കേറ്റിരുന്നു. കത്വയില്‍ ഇന്ത്യന്‍ മണ്ണിലേക്ക് ആയുധം ഒളിപ്പിച്ചു പറത്തിയ ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടിരുന്നു.
5. ചൈനയുടെ പ്രകോപനം ഉണ്ടായാല്‍ തോക്കെടുക്കാന്‍ കമാന്‍ഡര്‍മാര്‍ക്ക് കരസേനയുടെ അനുമതി. അതിര്‍ത്തിയില്‍ വെടിവയ്പ്പ് പാടില്ലെന്ന 1996ലെ ഇന്ത്യ ചൈന കരാറില്‍ നിന്ന് ഇന്ത്യ പിന്മാറി. കിഴക്കന്‍ ലഡാക്കില്‍ 30,000 സൈനികരെ കൂടി അധികമായി എത്തിച്ചു. പാം ഗോങ്, ഗല്‍വാന്‍, ഹോട്സ്പ്രിങ്സ് എന്നിവിടങ്ങളില്‍ സംഘര്‍ഷ സാഹചര്യം അതിരൂക്ഷമാണ്. ഗല്‍വാന്‍ താഴ്വരയില്‍ ചൈന ഉയര്‍ത്തിയ അവകാശവാദം പിന്‍വലിക്കും വരെ സൈനിക നടപടികള്‍ തുടരാനാണ് ഇന്ത്യയുടെ തീരുമാനം. ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലില്‍ നാല്‍പതിലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചതായി കേന്ദ്ര മന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വി.കെ സിംഗ്.
6. ഇത് ആദ്യമായാണ് കേന്ദ്ര മന്ത്രിസഭയിലെ ഒരംഗം ഇക്കാര്യത്തില്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്. ഇന്ത്യക്ക് നഷ്ടമായതിന്റെ ഇരട്ടിയിലേറെ സൈനികര്‍ ചൈനക്ക് നഷ്ടമായി. എന്നാല്‍ അവര്‍ ഇക്കാര്യം മറച്ചു വെക്കുകയാണ്. 1962 ലെ യുദ്ധത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ പോലും അംഗീകരിക്കാത്തവര്‍ ആണ് ചൈനയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി.കെ സിങിന്റെ വെളിപ്പെടുത്തല്‍. ഗല്‍വാനില്‍ ചൈനീസ് സൈനികരെ ഇന്ത്യയും തടവില്‍ ആക്കിയിരുന്നു. പിന്നീട് വിട്ടയക്കുക ആയിരുന്നു എന്നും വി.കെ സിംഗ് വെളിപ്പെടുത്തി. ഗാല്‍വാനില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.
7. എന്നാല്‍, ചൈന ഔദ്യോഗികമായി കണക്ക് പുറത്തുവിട്ടിട്ടില്ല. കമാന്‍ഡിംഗ് റാങ്കിലുള്ള സൈനികനടക്കം 35ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിരിക്കാം എന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ, പ്രശ്നങ്ങള്‍ രൂക്ഷമായ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സ്ഥിതി ഗുരുതരമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയോടും ചൈനയോടും അമേരിക്ക സംസാരിച്ചു വരികയാണ്. സ്ഥിതി ഗുരുതരമാണ്. പ്രശ്ന പരിഹാരത്തിന് ഇരുരാജ്യങ്ങളെയും സഹായിക്കാന്‍ ശ്രമിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
8. ഈ ദശകത്തില്‍ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണം ഇന്ന്. ഉത്തരേന്ത്യയില്‍ 3 മണിക്കൂര്‍ നീളുന്ന വലയഗ്രഹണം ആയാണ് ദൃശ്യമാവുക. കേരളത്തില്‍ ഗ്രഹണം ഭാഗികമായി ദൃശ്യമാകും. തിരുവനന്തപുരത്ത് രാവിലെ 10.14 മുതല്‍ ഉച്ചയ്ക്കു 1.15 വരെയാണ് ഗ്രഹണം കാണാനാവുക. മഴക്കാലം ആയതിനാല്‍ മേഘങ്ങള്‍ കാഴ്ച മറയ്ക്കാന്‍ സാധ്യതയുണ്ട്. കോവിഡ് ജാഗ്രതയില്‍ ആയതിനാല്‍ പ്ലാനറ്റോറിയങ്ങളില്‍ പ്രവേശനമില്ല. ഗ്രഹണം നിരീക്ഷിക്കുവാന്‍ പ്രത്യേക ഫില്‍റ്റര്‍ ഗ്ലാസുകളിലൂടെ അല്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കരുതെന്നും അധികൃതരുടെ മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം മൂന്ന് മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന സൂര്യഗ്രഹണം ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ കാണാനാവും. ഒമാന്‍ സമയം രാവിലെ 8.45 മുതല്‍ 11.20 വരെയാണ് ഗ്രഹണം ദൃശ്യമാകുക.
9. അങ്കമാലിയില്‍ പിതാവ് കട്ടിലില്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച 54 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ നില ഗുരുതരമായി തുടരുന്നു. അങ്കമാലിയില്‍ ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസ് ആണ് പെണ്‍കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുഞ്ഞ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. കുഞ്ഞിന്റെ തലയോട്ടിക്ക് ഉളളില്‍ രക്തസ്രാവം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയില്‍ കഴിയുന്നത്. രണ്ടുദിവസം മുന്‍പാണ് സംഭവം. പിതാവ് ഷൈജു തോമസിനെ റിമാന്‍ഡ് ചെയ്തു. 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഇയാള്‍ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിക്കുക ആയിരുന്നെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ പിതൃത്വത്തിലുള്ള സംശയവും കുഞ്ഞിന് എതിരെയുള്ള ആക്രമണത്തിനു കാരണമായെന്ന് പൊലീസ് വ്യക്തമാക്കി. വെന്റിലേറ്ററില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ കാലുകളില്‍ ചതവുമുണ്ട്.