china-market-

ചൈനീസ് പട്ടാളം ഇന്ത്യൻ സൈനികരോട് കാട്ടിയ നീചവും നിന്ദ്യവുമായ പ്രവൃത്തിയും അതിർത്തി തർക്കവും ഇന്ത്യക്കാരിൽ ചൈനയ്‌ക്കെതിരെ കടുത്ത പ്രതികാര ബുദ്ധി ഉണർത്തിയിട്ടുണ്ട്.

ചൈന തങ്ങളുടെ ഉത്‌പന്നങ്ങൾ വിറ്റഴിച്ച് കോടികൾ വാരുന്ന ഇന്ത്യൻ വിപണിയുടെ വാതിലുകൾ എന്നേയ്‌ക്കുമായി അടച്ചു വേണം ഇതിന് പ്രതികാരം ചെയ്യാനെന്ന ചിന്ത ഓരോ ഇന്ത്യയ്‌ക്കാരനിലുമുണ്ട്. എന്നാൽ ഇത് അത്ര എളുപ്പത്തിൽ നടക്കുന്ന കാര്യമാണോ? ഇതുകൊണ്ട് നഷ്‌ടം ചൈനയ്‌ക്ക് മാത്രമാണോ? അല്ലെന്നാണ് രണ്ടിനും ഉത്തരം. ഇന്ത്യൻ വിപണിയിൽ നിന്ന് ചൈനയെ വിലക്കുന്നത് രണ്ട് രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.

ചൈന ഇന്ത്യയെ കാണുന്നത് തങ്ങളുടെ വൻ വിപണിയായാണ്. 2018 ലെ കണക്കനുസരിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് 96 ബില്യൺ യു.എസ് ഡോളറാണ്. ഇന്ത്യൻ വിപണിയിലെത്തിക്കുന്ന തങ്ങളുടെ ഉത്‌പന്നങ്ങളിലൂടെ ഒരു വർഷം 77 ബില്യൺ യു.എസ് ഡോളറാണ് ചൈന നേടുന്നത്. ബാക്കി 19 ബില്യൺ യു.എസ് ഡോളറാണ് ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വരുമാനം.

ഇന്ത്യൻ വിപണിയിൽ ചൈനയുടെ കരുത്ത്

സാധാരണക്കാർ ഇന്ത്യൻ ഉത്‌പന്നങ്ങളെന്ന് കരുതുന്ന പലതും നിർമ്മിക്കുന്നത് ചൈനയിലാണെന്നതാണ് യാഥാ‍ർത്ഥ്യം. നാം ഇന്ത്യൻ നിർമ്മിതമെന്ന കരുതുന്ന കുടകൾ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം.

ഇന്ത്യയിലെ ഏറ്റവും വലിയ മാർക്കറ്റായ മൊബൈൽ ഹാൻഡ്സെറ്റുകളുടെ 50 ശതമാനം വാഴുന്നത് ചൈനീസ് ഉത്‌പന്നങ്ങളാണ് . ലാപ്‌ടോപ്, സ്‌റ്റൈബിലൈസർ, ഡയോഡ് ഇതെല്ലാം വരുന്നത് ചൈനയിൽ നിന്നാണ് .

ഇന്ത്യയിലെ ഇലക്‌ട്രോണിക്‌സ് വിപണി ചൈനയുടെ കൈയിലാണെന്നുതന്നെ പറയാം. ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത് പ്രധാനമായും ഇരുമ്പയിര് ,​ കോട്ടൺ നൂൽ എന്നിവയാണ്. നമ്മൾ അയയ്‌ക്കുന്ന അസംസ്‌കൃത വസ്‌തുക്കൾ ഉപയോഗിച്ച് ഉത്‌പന്നങ്ങൾ നിർമ്മിച്ച് അത് ഇന്ത്യൻ വിപണിയിൽ തന്നെ വിറ്റഴിക്കാനും ചൈനയ്‌ക്ക് മിടുക്കുണ്ട് !

വിലക്കുറവിന്റെ രഹസ്യം

ചൈനീസ് ഉത്‌പന്നങ്ങളുടെ വിലക്കുറവ് തന്നെയാണ് ഇന്ത്യക്കാരായ ഉപഭോക്‌താക്കളെ ആകർഷിക്കുന്നത്. ഇത്ര വിലക്കുറവിൽ നമുക്ക് ഉത്‌പന്നങ്ങൾ ലഭ്യമാക്കാൻ ചൈനയ്‌ക്ക് എങ്ങനെയാണ് കഴിയുന്നത്? അതിന് പിന്നിലുള്ള കാരണങ്ങൾ ഇനിപ്പറയാം.

ചൈനയിൽ അസംസ്കൃത വസ്‌തുക്കളുടെ മേൽ വില നിയന്ത്രണമുണ്ട്. അതായത് ഒരു ഉത്‌പന്നം കുറഞ്ഞ ചെലവിൽ നിർമ്മിക്കാൻ സാധിക്കുന്നു,​ ചെലവ് കുറയുമ്പോൾ സ്വാഭാവികമായും കൂടിയ തോതിൽ ഉത്‌പാദനവും നടക്കും.

12 മണിക്കൂർ ജോലി സമയത്തിൽ കുറഞ്ഞ കൂലിയിൽ തൊഴിലാളികൾ ലഭ്യമാണ് ചൈനയിൽ. ഇങ്ങനെ വൻതോതിൽ ഉത്‌പാദനം നടക്കുന്ന നിരവധി ഫാക്‌ടറികൾ ചൈനയിലുണ്ട്.

വിപണി അടയ്‌ക്കൽ എളുപ്പമല്ല

മേൽപ്പറഞ്ഞ മെച്ചങ്ങളെ ആശ്രയിച്ച പല ഇന്ത്യൻ കമ്പനികൾക്കും ചൈനയിൽ ഫാക്‌ടറികളുണ്ട്. അതുപോലെ ചൈനയ്‌ക്കും ഇന്ത്യയിൽ ഫാക്‌ടറികളുണ്ടെന്ന് ഓർക്കണം. ചൈനയ്‌ക്ക് നേരെ വിപണി അടയ്‌ക്കൽ എന്ന തീരുമാനത്തിലേക്ക് ഇന്ത്യ പോയാൽ ചൈനയിലുള്ള ഇന്ത്യൻ ഫാക്‌ടറികൾ പൂട്ടി മടങ്ങി വരേണ്ടി വരുമെന്ന് അർത്ഥം.

മറ്റൊരു പ്രധാന തടസം ചൈനയിൽ പഠിക്കുന്ന ഇന്ത്യക്കാരായ വിദ്യാർത്ഥികളുടെയും ചൈനീസ് കമ്പനികളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളുടെയും കാര്യമാണ്. ഇവരും ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരും.

ഇക്കാരണങ്ങളാൽ തന്നെ വാണിജ്യ - വ്യാപാര താത്‌പര്യങ്ങൾ സംരക്ഷിക്കേണ്ട ബാദ്ധ്യത ഇരു രാജ്യങ്ങൾക്കുമുണ്ട്. എന്തെന്നാൽ ഇത് ഇരുരാജ്യങ്ങളിലെയും കമ്പനികളുടെയും തൊഴിലാളികളുടെയും നിലനില്‌പിന്റെ പ്രശ്‌നം കൂടിയാണ്. അതിനാൽ ഈ മേഖലയിൽ കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളാൻ ഇരുരാജ്യങ്ങൾക്കും വിമുഖതയുണ്ടാകും.

( ലേഖകൻ മുൻ കസ്‌റ്റംസ് കമ്മിഷണറും റബർ ബോർഡിന്റെ ചെയർമാനും എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമാണ്. അഭിപ്രായം വ്യക്തിപരം. )​