കൊച്ചി: ഇന്ത്യയിൽ നിന്നുള്ള തേയില കയറ്രുമതിക്ക് കഴിഞ്ഞ സാമ്പത്തിക വർഷം (2019-20) ലഭിച്ചത് തണുത്ത പ്രതികരണം. 5.6 ശതമാനം ഇടിവോടെ, 240 മില്യൺ കിലോഗ്രാമാണ് കഴിഞ്ഞ കൊല്ലത്തെ കയറ്റുമതി. മുൻവർഷം അത് 254.50 മില്യൺ കിലോഗ്രാം ആയിരുന്നുവെന്ന് ടീ ബോർഡിന്റെ റിപ്പോർട്ട് വ്യക്തമാക്കി. കോമൺവെൽത്ത് രാജ്യങ്ങളാണ് ഇന്ത്യൻ തേയിലയുടെ ഏറ്രവും വലിയ വിപണി. ഇവിടങ്ങളിലേക്കുള്ള കയറ്രുമതി കഴിഞ്ഞവർഷം 60.72 മില്യൺ കിലോഗ്രാമിൽ നിന്ന് 59.40 മില്യൺ കിലോഗ്രാമായി കുറഞ്ഞു.
ആഗോള സാമ്പത്തികമാന്ദ്യമാണ് കഴിഞ്ഞവർഷത്തെ കയറ്റുമതിയെ ബാധിച്ചത്. എങ്കിലും, ഏറ്റവും വലിയ ഇറക്കുമതി രാജ്യമായ ഇറാൻ 46.47 മില്യൺ കിലോഗ്രാം തേയില ഇന്ത്യയിൽ നിന്ന് വാങ്ങി. 2018-19ൽ വാങ്ങിയത് 41.02 മില്യൺ കിലോഗ്രാം ആയിരുന്നു. 10.58 മില്യൺ കിലോഗ്രാമിൽ നിന്ന് 12.71 മില്യൺ കിലോഗ്രാമിലേക്ക് ചൈനയും വാങ്ങൽ ഉയർത്തി. പാകിസ്ഥാനത്തിലേക്കുള്ള കയറ്രുമതി 14.6 മില്യൺ കിലോഗ്രാമിൽ നിന്ന് 3.3 മില്യൺ കിലോഗ്രാമിലേക്ക് ഇടിഞ്ഞു.
43.45 mkg
ഈ വർഷം മാർച്ചിൽ, ഇന്ത്യയിൽ തേയില ഉത്‌പാദനം 43.45 മില്യൺ കിലോഗ്രാമിലേക്ക് കൂപ്പുകുത്തി. 74.59 മില്യൺ കിലോഗ്രാം ആയിരുന്നു 2019 മാർച്ചിലെ ഉത്‌പാദനം.