ലക്ഷ്യം വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി
കൊച്ചി: വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കായി കരിമീൻ കുഞ്ഞുങ്ങളെ ഉത്‌പാദിപ്പിച്ച് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്രിയുടെ (എംപെഡ) വല്ലാർപാടത്തെ മൾട്ടിസ്‌പീഷീസ് അക്വകൾച്ചർ കോംപ്ളക്‌സ് (എം.എ.സി). നിലവിൽ കായലിൽ നിന്നുള്ള കരിമീൻ കുഞ്ഞുങ്ങളെയാണ് കൃഷിക്കായി കർഷകർ കൂടുതൽ ആശ്രയിക്കുന്നത്. നല്ല ഡിമാൻഡ് ഉള്ളതിനാൽ കരിമീൻ കുഞ്ഞുങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നത് എംപെഡയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇതു തടയുന്നത് ലക്ഷ്യമിട്ടാണ് എം.എ.സിയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്‌പാദനം ആരംഭിച്ചതെന്ന് എംപെഡ ചെയർമാൻ കെ.എസ്. ശ്രീനിവാസ് പറഞ്ഞു. ഇവിടെ നിന്ന് കർഷകർക്ക് നൽകുന്ന ആദ്യബാച്ച് കരിമീൻ കുഞ്ഞുങ്ങളുടെ വിപണന ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
2010ൽ കരിമീനിനെ കേരളത്തിന്റെ സംസ്ഥാന മത്സ്യമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. രുചിയിൽ മുൻപന്തിയിൽ ആയതിനാൽ കേരളത്തിലും പുറത്തും നല്ല പ്രിയമുണ്ട് കരിമീനിന്. കരിമീൻ പൊള്ളിച്ചത് കഴിക്കാൻ വിദേശികൾ പോലും വൻ താത്പര്യം കാട്ടുന്നു. കരിമീനിന് കിലോയ്ക്ക് 600 രൂപവരെ വിലയും കിട്ടാറുണ്ട്. കുളങ്ങളിലും കായലുകളിലും പുഴകളിലുമാണ് സാധാരണയായി കരിമീൻ കൃഷി ചെയ്യുന്നത്.