trump

വാഷിംഗ്​ടൺ: അമേരിക്കയുൾപ്പടെയുള്ള ലോകരാജ്യങ്ങളുടെ അടിത്തറയിളക്കിയ കൊവിഡ് മഹാമാരിക്ക് പിന്നിൽ ചൈനയാണെന്ന ആരോപണം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ലോകത്ത്​ നാലര ലക്ഷത്തോളം ആളുകളെ കൊന്നൊടുക്കിയ മഹാമാരിയെ ‘കുംഗ്​ഫ്ലു’ എന്നാണ്​ ട്രംപ്​ വിശേഷിപ്പിച്ചത്​. കഴിഞ്ഞ വർഷം ചൈനീസ്​ നഗരമായ വുഹാനിൽ നിന്നും ഉത്ഭവിച്ച മഹാമാരിയെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ച്​ യു.എസ്​ ചൈനയ്ക്കെതിരെ നിരവധി തവണ രംഗത്തുവന്നിരുന്നു.

‘ഞാൻ അതിനെ കുംഗ്​ഫ്ലുവെന്ന്​ വിളിക്കും. 19 വ്യത്യസ്​ത നാമങ്ങൾ അതിന്​ നൽകാൻ സാധിക്കും. ചിലർ അതിനെ​ വൈറസെന്ന്​ വിളിക്കുന്നു. ചിലർ അതിനെ ഫ്ലു (പകർച്ചപ്പനി) എന്നാണ്​ വിളിക്കുന്നത്​. എന്ത്​ മാറ്റമാണുള്ളത്​. എനിക്ക്​​ തോന്നുന്നത്​ നമുക്ക്​ 19 മുതൽ 20 പേരുകളുണ്ടെന്നാണ്’ ശനിയാഴ്​ച ഒക്​ലഹോമയിലെ ടുൽസയിൽ നടന്ന തിരഞ്ഞെടുപ്പ്​ റാലിയിൽ ട്രംപ്​ പറഞ്ഞു​. ഇതിന് മുമ്പും ചൈനയെ ലക്ഷ്യം വച്ച്, വൈറസിനെ ട്രംപ് വുഹാൻ വൈറസ് എന്ന് വിളിച്ചിരുന്നു. കൈകാലുകൾ മാത്രം ഉപയോഗിച്ച്​ പോരാടുന്ന ചൈനീസ്​ ആയോധന കലയാണ്​ കുംഗ്​ഫു. ഇതിനോട് സാമ്യപ്പെടുത്തിയാണ് കൊവിഡിനെ ട്രംപ് കുംഗ്ഫ്ലു എന്ന് വിളിച്ചത്.