ലണ്ടൻ: ബ്രിട്ടനെ ഞെട്ടിച്ച് വീണ്ടും കത്തിയാക്രമണം. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിഡിംഗിലെ ഫോർബറി ഗാർഡനിലാണ് അക്രമി കത്തികൊണ്ട് നിരവധി പേരെ കുത്തിയത്. അക്രമിയെന്ന് കരുതുന്ന ലിബിയൻ പൗരനായ 25കാരനെ പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു ആക്രമണം. പാർക്കിൽ ആളുകൾ കൂടിനിന്ന സ്ഥലത്തേക്ക് അക്രമി കത്തിയുമായി ഓടിയെത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പൊലീസ് എത്തിയാണ് ഇയാളെ കീഴടക്കിയത്. ഭീകരാക്രമണമാണോ ബ്ലാക്ക് ലൈവ് മാറ്റർ സമരങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് തെയിംസ് വാലി പൊലീസ് അറിയിച്ചു. കഴിഞ്ഞവർഷം നവംബറിൽ ലണ്ടൻ ബ്രിഡ്ജിലും ഈ വർഷം ഫെബ്രുവരിയിൽ ലണ്ടനിലെ സ്ട്രീതാമിലും സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു.