covid

ബ്രസീലിയ: കൊവിഡ് മഹാമാരിയുടെ ഭീഷണി ഒഴിയാതെ ലോകം. രോഗികൾ 89 ലക്ഷമായി. മരണം 4.67 ആയി. രോഗവിമുക്തി നേടിയവരുടെ എണ്ണം 47 ലക്ഷത്തിൽ എത്തിയെങ്കിലും, ദിനംപ്രതി ലോകത്ത് ഒന്നര ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ബ്രസീലിലും അമേരിക്കയിലും സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു. ബ്രസീലിൽ മരണം 50,000 കവിഞ്ഞു. 24 മണിക്കൂറിനിടെ 31000 ലേറെ പുതിയ രോഗികളും 1022 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് പത്ത് ലക്ഷത്തിലധികം രോഗികളുണ്ട്. അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. ന്യൂയോർക്കിൽ ഇന്ന് മുതൽ ഓഫീസുകളും സൂപ്പർമാർക്കറ്റുകളും ഹോട്ടലുകളും തുറക്കും.ഇന്ന് മൂന്ന് ലക്ഷത്തിലധികം ആളുകൾ ന്യൂയോർക്കിൽ തിരികെ ജോലിയിൽ പ്രവേശിക്കുമെന്നാണ് റിപ്പോർട്ടുകൾ. രോഗികൾ - 23 ലക്ഷം. മരണം - 1.21 ലക്ഷം.

രോഗികളുടെ എണ്ണം കൂടുന്നു,​ പരിശോധന കുറയ്ക്കാൻ ട്രംപ്

അമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച് വരുന്നതിനാൽ പരിശോധനകളുടെ എണ്ണം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തുൾസ അറീനയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

'യു.എസ് നിലവിൽ 25 ദശലക്ഷത്തോളം ആളുകളിൽ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. നിങ്ങൾ കൂടുതൽ പരിശോധന നടത്തുമ്പോൾ കൂടുതൽ പേരിൽ രോഗം കണ്ടെത്താനാകും. അത് കൊണ്ട് എന്റെ ആളുകളോട് പരിശോധന മന്ദഗതിയിലാക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്' ട്രംപ് പറഞ്ഞു.

 റഷ്യയിൽ ഇന്നലെയും 7000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന മരണം109. ആകെ മരണം - 8,111. രോഗികൾ - അഞ്ച് ലക്ഷത്തിലധികം.

 ചൈനയിൽ 25 പുതിയ കേസുകൾ.

 ദക്ഷിണ കൊറിയയിൽ 48 പുതിയ കേസുകൾ.

 ബ്രിട്ടനിൽ നിന്ന് വരുന്നവർക്ക് 14 ദിന നിർബന്ധിത ക്വാറന്റൈൻ ഇനി വേണ്ടെന്ന് സ്പെയിൻ.