പറയാൻ ഇനിയും കഥകൾ ബാക്കിയാക്കി ഉഷാറാണി യാത്രയായി
'അങ്കിൾ എെ വാണ്ട് ടു മാരി യു". അതു കേട്ട് എൻ. ശങ്കരൻ നായർ ഉറക്കെ ചിരിച്ചു. അന്ന് ഉഷാറാണിക്ക് 19 വയസ്. ശങ്കരൻനായർക്ക് 51 വയസും.''എെ ആം സീരിയസ്. എെ റിയലി വാണ്ട് ടു മാരീ യു.""ശങ്കരൻ നായരുടെ ചിരി കണ്ടപ്പോൾ ഉഷാറാണി പറഞ്ഞു. അങ്ങനെ സംവിധായകൻ എൻ. ശങ്കരൻ നായരും നടി ഉഷാറാണിയും വിവാഹിതരായി.അതിനുശേഷമാണ് ഉഷാറാണി യഥാർത്ഥ ജീവിതം തുടങ്ങുന്നത്. എന്നാൽ കണ്ണീരിന്റെ നനവും ഇല്ലായ്മയുടെ നൊമ്പരവുമുണ്ട് ഉഷാറാണിയുടെ ജീവിതകഥയുടെ ആരംഭത്തിന്.അച് ഛൻ ഉപേക്ഷിച്ചു പോയപ്പോൾ അമ്മയുടെയും ഇളയ സഹോദരിമാരുടെയും ജീവിതം കരുപിടിപ്പിക്കാൻ വെള്ളിത്തിരയിൽ ബേബി ഉഷ എന്ന ബാലതാരമായി. മുപ്പതു സിനിമകളിലാണ് ബാലതാരമായി അഭിനയിച്ചത്.
അച്ഛൻ കൃഷ്ണ റാവു തമിഴ് അയ്യങ്കാർ കുടുംബം. അമ്മ സുകേശിനിയുടെ നാട് വർക്കല. ചെന്നൈയിലാണ് ഉഷാറാണി ജനിച്ചതും വളർന്നതും. ഇളയ അനുജത്തി ജനിച്ച് കുറച്ചുനാൾ കഴിഞ്ഞു അച്ഛൻ ഉപേക്ഷിച്ചു പോയി. അതിന്റെ കാരണം ഇപ്പോഴും അറിയില്ല.സത്യനും ശാരദയും അഭിനയിച്ച ജയിൽ സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. പ്രേംനസീറിന്റെ മകളായും അനുജത്തിയായും കുറേ സിനിമകളിൽ അഭിനയിച്ചു. എം.ജി ആറിന്റെ നായികയായി തമിഴിൽ പട്ടിക്കാട്ട് പൊന്നയ്യ എന്ന സിനിമയിൽ അഭിനയിച്ചു. ഈ സിനിമയിൽ മറ്റൊരു നായികയായിരുന്നു ജയലളിത. തുടർന്ന് കെ. ബാലചന്ദർ, കമൽഹാസൻ സിനിമ 'അരങ്ങേറ്റം". രണ്ടു സിനിമയും ഉഷാറാണിയെ പ്രശസ്തയാക്കി.ഉഷാറാണിക്ക് 19 വയസുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. ആ സമയത്ത് ഒരു കൈത്താങ്ങ് ആവശ്യമായിരുന്നു. അമ്മയായിരുന്നു ഉഷാറാണിയുടെ എല്ലാം. അമ്മയുടെ മരണം ഏറെ തളർത്തി. അതിനാൽ മാനസിക പിന്തുണയും ആവശ്യമായി വന്നു.ബാലതാരമായി അഭിനയിക്കുമ്പോൾ മുതൽ ഉഷാറാണിക്ക് ശങ്കരൻനായരെ അറിയാമായിരുന്നു. ബാലതാരമായി ശങ്കരൻനായരുടെ സിനിമകളിലും
അഭിനയിച്ചു.
വിവാഹശേഷം അങ്കിൾ എന്ന വിളി മാറ്റി. പിന്നീട് ശങ്കരേട്ടൻ എന്നു വിളിച്ചു. വിവാഹശേഷം അഭിനയം നിറുത്തുകയും ചെയ്തു. മകൻ വിഷ്ണുവിന് എട്ടു വയസായശേഷമാണ് അഭിനയരംഗത്ത് തിരിച്ചെത്തുന്നത്. അകം എന്ന സിനിമയിലൂടെയാണ് രണ്ടാം വരവ്.
തലസ്ഥാനം,സ്ഥലത്തെ പ്രധാന പയ്യൻസ്, അഞ്ചരക്കല്യാണം, ഏകലവ്യൻ, അമ്മ അമ്മായി അമ്മ തുടങ്ങി കുറെ സിനിമകൾ.2005ൽ ശങ്കരൻനായർ മരിച്ചു.ശേഷം അഭിനയജീവിതത്തിന് പൂർണ വിരാമം.അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു എന്നും ഉഷാറാണി. മകൻ വിഷ്ണുവിന്റെ പഠനചിലവ് മോഹൻലാലാണ് സ് പോൺസർ ചെയ്തിരുന്നത്.
വിഷ്ണു ഇപ്പോൾ ചെന്നൈയിൽ െഎ.ടി എൻജിനിയറാണ്.ലോക് ഡൗൺ കാലത്തും ഉഷയെ തേടി മോഹൻലാലിന്റെ കരുതൽ എത്തിയിരുന്നു.ദാരുണമായ ജീവിതം നയിച്ച വന്ന പ ഴയകാല നടി സാധനയെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ സഹായം എത്തിച്ചു കൊടുക്കുന്നതിലും മുൻപന്തിയിൽ നിന്നത് ഉഷാറാണിയായിരുന്നു. അമ്മ പഠിച്ച പാഠമാണിതെന്നും നാളെ ഇതു ആരുടെ ജീവിതത്തിലും സംഭവിക്കാമെന്നുമായിരുന്നു അപ്പോൾ ഉഷാറാണിയുടെ മറുപടി.തികച്ചും അപ്രതീക്ഷിതമായിരുന്നു ഉഷാറാണിയുടെ വിയോഗം. ഒരാഴ്ചയായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കുറച്ചു വർഷം മുൻപ് അതീവഗുരുതരാവസ്ഥയിൽനിന്ന് ജീവിതത്തിലേക്ക് തിരികെ വന്നിരുന്നു.അതിനാൽ വീണ്ടും മടങ്ങി വരുമെന്ന് ഉറ്റവർ പ്രതീക്ഷിച്ചു.