gun

തിരുവനന്തപുരം: മാവോയിസ്റ്റുകളെ തുരത്താനും സായുധശക്തി വർദ്ധിപ്പിക്കാനും സംസ്ഥാന പൊലീസ് 500 ഇൻസാസ് റൈഫിളുകൾ സ്വന്തമാക്കുന്നു. സംസ്ഥാനത്ത് ഘോരവനങ്ങൾ മാവോയിസ്റ്റുകളുടെ താവളങ്ങളാകുകയും പൊലീസിനും ജനങ്ങൾക്കും അവർ ഭീഷണിയാകുകയും ചെയ്യുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാനാണ് മൂന്നരക്കോടി രൂപ ചെലവിൽ മിന്നൽ പ്രഹരത്തിന് ശേഷിയുള്ള ഇൻസാസ് തോക്കുകൾ സ്വന്തമാക്കാൻ പൊലീസ് തീരുമാനിച്ചത്.

ഇഷാപുർ റൈഫിൾ ഫാക്ടറിയിൽ നിന്ന് റൈഫിളുകൾ വാങ്ങുന്നതിന് ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് പൊലീസിന് അനുമതി നൽകി. മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുന്ന തണ്ടർബോൾട്ട് സേനയ്ക്കും സായുധ ബറ്റാലിയനുമായിരിക്കും തോക്കുകൾ കൈമാറുക. 1998 മുതൽ മിലിട്ടറിയുൾപ്പെടെ ഇന്ത്യയിലെ സായുധ സേനകളുടെ ഉപയോഗത്തിലുള്ള ഇൻസാസ് ഇന്ത്യൻ നിർമ്മിത റൈഫിളാണ്.

നാലേകാൽ കിലോഗ്രാം ഭാരമുള്ള ഇൻസാസ് റൈഫിളിന് 960 മില്ലി മീറ്ററാണ് ആകെ നീളം. ബാരലിന് 464 മില്ലി മീറ്റർ നീളമുള്ള ഇൻസാസ് റൈഫിളുപയോഗിച്ച് അര കിലോമീറ്റർ അകലെയുള്ള ശത്രുവിനെപ്പോലും നേരിടാം. ഭാരം കുറഞ്ഞ ഇനത്തിൽപ്പെട്ട ഇൻസാസ് തോക്കുപയോഗിച്ച് ഒരു സമയം 20 മുതൽ 30റൗണ്ട് വരെ വെടിയുതിർക്കാം.കാർഗിൽ യുദ്ധത്തിലും കേരളത്തിന് പുറത്ത് നിരവധി മാവോയിസ്റ്റ് നക്സൽ ആക്രമണങ്ങൾക്കും ശക്തമായ തിരിച്ചടി നൽകാൻ ഇൻസാസ് ഉപകരിച്ചിട്ടുണ്ട്.