usharani

ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗങ്ങളെത്തുടർന്ന് ഒരാഴ്ച മുമ്പാണ് ഉഷാറാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുന്നൂറിലധികം ചിത്രങ്ങളിൽ ഉഷ അഭിനയിച്ചിട്ടുണ്ട്.

1958 മേയ് 29 ന് ചെന്നൈയിൽ കൃഷ്ണറാവു അയ്യങ്കാറിന്റെയും സുകേശിനിയുടെയും മകളായാണ് ജനനം. അമ്മ സുകേശിനി തിരുവനന്തപുരം വർക്കല സ്വദേശിയാണ്. എട്ടാം വയസിൽ 'ജയിൽ" എന്ന സിനിമയിൽ ബാലതാരമായാണ് ഉഷയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് തമിഴിലും മലയാളത്തിലുമായി മുപ്പത് സിനിമകളിൽ ബേബി ഉഷ അഭിനയിച്ചു. 16-ാം വയസിൽ 'അരങ്ങേറ്റം" എന്ന സിനിമയിൽ കമലഹാസന്റെ നായികയായി. പിന്നീട് ശിവാജി ഗണേശൻ, എം.ജി.ആർ, ജയലളിത എന്നിവർക്കൊപ്പം അഭിനയിച്ചു. പ്രേം നസീറിന്റെ അനുജത്തിയായും നായികയായും ഉഷ അഭിനയിച്ചിട്ടുണ്ട്.

വിവാഹശേഷം കുറച്ചുകാലം അഭിനയം നിറുത്തിയിരുന്നു. പിന്നീട് മകൻ ജനിച്ച് എട്ടുവർഷങ്ങൾക്ക് ശേഷം സിനിമയിൽ തിരിച്ചെത്തി. അകം, തലസ്ഥാനം, ഏകലവ്യൻ, ഭാര്യ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അങ്കത്തട്ട്, തൊട്ടാവാടി, അമ്മ അമ്മായിയമ്മ, ഹിറ്റ്ലർ, തെങ്കാശിപ്പട്ടണം തുടങ്ങിയവ പ്രധാന സിനിമകളിൽ ചിലതാണ്. 2004 ൽ പുറത്തിറങ്ങിയ മയിലാട്ടമാണ് അവസാന സിനിമ.

മൺമറഞ്ഞ പ്രശസ്ത സംവിധായകൻ എൻ. ശങ്കരൻനായർ ഭർത്താവാണ്. വിഷ്ണുശങ്കർ (ഐ.ടി) മകനും കവിത മരുമകളുമാണ്. ഇന്നലെ വൈകിട്ട് ചെന്നൈയിൽ സംസ്‌കാരം നടന്നു.

ബാലചന്ദ്രമേനോൻ, പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ്, ജയസൂര്യ തുടങ്ങി നിരവധി താരങ്ങൾ അനുശോചനം രേഖപ്പെടുത്തി.