റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ദിനവും ആയിരക്കണക്ക് ആളുകളാണ് രോഗബാധിതരാകുന്നത്. 1,54,233 പേർക്ക് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചു. മരണസംഖ്യ 1230 ആയി. റിയാദ്, മക്ക, ജിദ്ദ, ബുറൈദ, ഹുഫൂഫ്, ത്വാഇഫ്, അറാർ, നാരിയ എന്നിവിടങ്ങളിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത്. ഒമാനിലും രോഗവ്യാപനവും മരണനിരക്കും അതിവേഗം വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. 29,471 പേർക്ക് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചു. 131 പേർ മരിച്ചു. അതേസമയം,സൗദിയിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് രാജ്യം ഇന്നലെ മുതൽ പൂർവസ്ഥിതിയിലേക്ക് മടങ്ങി. എല്ലാ മേഖലകളിലേയും വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കും. ഉംറ തീർഥാടനത്തിനും രാജ്യാന്തര വിമാനസർവീസിനുമുള്ള വിലക്ക് തുടരും.
യു.എ.ഇയിലെ സ്കൂളുകൾ സെപ്തംബറിൽ തുറന്നേക്കും
യു.എ.ഇയിലെ സർക്കാർ-സ്വകാര്യ മേഖലകളിലെ സ്കൂളുകളിലും സർവകലാശാലകളിലും സെപ്‍തംബറിൽ അദ്ധ്യയനം തുടങ്ങിയേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി അറിയിച്ചു. കൊവിഡിനെതിരായ സുരക്ഷാ നടപടികളനുസരിച്ചും സാഹചര്യത്തിലുണ്ടാകുന്ന മാറ്റം പരിഗണിച്ചുമായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ വിശദമായ പഠനം നടത്തും. വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമായിരിക്കും പ്രഥമ പരിഗണനയെന്നും മന്ത്രി പറഞ്ഞു.