വാഷിംഗ്ടൺ: ആഫ്രോ അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ വംശീയവെറിക്കെതിരെ ഉയർന്നുവന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി, രാജ്യത്ത് വീണ്ടു പ്രതിമ തകർക്കപ്പെട്ടു. അടിമ വ്യാപാരത്തിന് അന്ത്യം കുറിച്ചതിന്റെ ഓർമ ആചരിക്കുന്ന ‘ജൂൺ ടീൻത്’ ദിനമായിരുന്ന വെള്ളിയാഴ്ച വാഷിംഗ്ടണിലെ ഏക കോൺഫെഡറേറ്റ് ജനറൽ പ്രതിമയാണ് പ്രക്ഷോഭകർ തള്ളിവീഴ്ത്തി തീയിട്ടത്. വൈറ്റ്ഹൗസിനു സമീപമുള്ള ലഫെയ്റ്റ് പാർക്കിലെ ആൽബർട്ട് പൈക്കിന്റെ 11 അടി ഉയരമുള്ള പ്രതിമയാണു കരിങ്കൽപീഠം ഉൾപ്പെടെ മറിച്ചിട്ടു കത്തിച്ചത്. അതേസമയം, പ്രതിമ തകർക്കുന്നതു തടയാൻ ശ്രമിക്കാതിരുന്ന പൊലീസിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു. സംഭവം യു.എസിന് അപമാനമാണെന്നും അദ്ദേഹം ട്വീറ്റു ചെയ്തു. നോർത്ത് കാരലൈനയുടെ തലസ്ഥാനമായ റാലെയിലെ കോൺഫെഡറേറ്റ് സ്മാരകത്തിന്റെ ഭാഗമായിരുന്ന പട്ടാളക്കാരുടെ 2 പ്രതിമകളും പ്രക്ഷോഭകർ വീഴ്ത്തി. തുറമുഖ തൊഴിലാളികൾ പണിമുടക്കിയാണു ‘ജൂൺടീൻത്’ ആചരിച്ചത്. ഒട്ടേറെ വൻകിട കമ്പനികൾ ഇതാദ്യമായി ‘ജൂൺടീൻത്’ അവധിയാക്കി.
അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്തു (1861–65) അടിമത്തം നിലനിറുത്താൻ വാദിച്ചു വിഘടിച്ചുപോയ സംസ്ഥാനങ്ങൾ ചേർന്നാണു കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് ഉണ്ടാക്കിയത്. 1863 ജൂൺ 19നാണ് പ്രസിഡന്റ് ഏബ്രഹാം ലിങ്കൺ അടിമവ്യാപാരം നിരോധിച്ചു പ്രഖ്യാപനം നടത്തിയത്.