ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ വൻ സന്നാഹങ്ങളുമായി പ്രകോപനം തുടരുന്ന ചൈനീസ് സൈന്യം യഥാർത്ഥ നിയന്ത്രണ രേഖ ലംഘിക്കുന്നതുൾപ്പെടെ എന്ത് അതിക്രമത്തിനു മുതിർന്നാലും ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യൻ സൈന്യത്തിന് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയതായി പ്രതിരോധ വൃത്തങ്ങൾ.
മൂന്നു സേനകൾക്കും അടിയന്തരാവശ്യമുള്ള സുപ്രധാന ആയുധങ്ങളും വെടിക്കോപ്പുകളും ഫാസ്റ്റ് ട്രാക്കിൽ വാങ്ങാൻ 500 കോടി രൂപ വീതം ചെലവിടാനും കേന്ദ്രം അനുമതി നൽകി. മൂന്നു സേനകളുടെയും ഉപമേധാവികൾക്കാണ് ഇതിന് അധികാരം. ഏറ്റുമുട്ടലിന്റെ സാഹചര്യം വീണ്ടുമുണ്ടായാൽ സജ്ജമാകാൻ അവശ്യം വേണ്ട ആയുധങ്ങൾ താമസം കൂടാതെ വാങ്ങാനാണ് ഇത്.
ലഡാക്ക് സംഘർഷം വിലയിരുത്താൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ വിളിച്ച സൈനിക മേധാവികളുടെ യോഗത്തിലാണ് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം അനുവദിക്കുന്നത് ചർച്ചയായത്. കര, വ്യോമ അതിർത്തികളിലും തന്ത്രപ്രധാന സമുദ്രപാതകളിലും ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ പ്രതിരോധ മന്ത്രി നിർദ്ദേശം നൽകി. ചൈനയുടെ ഏതു പ്രകോപനത്തിനും ഉടൻ തിരിച്ചടി നൽകണം. അതിന് രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനത്തിനു കാക്കേണ്ടതില്ലെന്നും രാജ്നാഥ് സിംഗ് നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്.
ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം.എം. നരവനെ, നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. രാജ്നാഥ് സിംഗ് ഇന്ന് റഷ്യയിലേക്കു പോകുന്നതിനു മുന്നോടിയായിട്ടായിരുന്നു ഇന്നലത്തെ അടിയന്തര യോഗം.
രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ വാർഷികത്തോടനുബന്ധിച്ചുള്ള ഗ്രാൻഡ് പരേഡിൽ ക്ഷണിതാവായാണ് രാജ്നാഥ് സിംഗിന്റെ മോസ്കോ സന്ദർശനം. അവിടെ ചൈനീസ് പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തില്ലെന്ന് പ്രതിരോധ വക്താക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
വെടിവയ്‌ക്കാൻ അനുമതി
യഥാർത്ഥ നിയന്ത്രണ രേഖയിൽ അസാധാരണ സാഹചര്യങ്ങളിൽ തോക്കും വെടിക്കോപ്പുകളും ഉപയോഗിക്കാൻ ഫീൽഡ് കമാൻഡർമാർക്ക് കരസേന അനുമതി നൽകി. ഇതു സംബന്ധിച്ച് നിലവിലുണ്ടായിരുന്ന നിയമങ്ങൾ മാറ്റിയെന്ന് കരസേനാവൃത്തങ്ങൾ അറിയിച്ചു. ഇക്കാര്യം ചൈനീസ് കമാൻഡർമാരുമായുള്ള അടുത്ത ചർച്ചയിൽ ഇന്ത്യൻ പക്ഷം ഉന്നയിക്കും.
അതേസമയം, നിയന്ത്രണ രേഖയിൽ ഇരുപക്ഷവും തോക്ക് ഉപയോഗിക്കരുതെന്ന 1996ലെ കരാർ നിലനിൽക്കുകയാണ്.പുതിയ തീരുമാനം ആ കരാറിൽ നിന്ന് ഇന്ത്യ പിൻവാങ്ങുന്നതിന്റെ സൂചനയാണോ എന്ന് വ്യക്തമല്ല.
രണ്ടര മീറ്ററിൽ ഒരു സൈനികൻ
കിഴക്കൻ ലഡാക്കിൽ മൊത്തം 45,000 സൈനികരെ (മൂന്ന് ഡിവിഷൻ ) ഇന്ത്യ വിന്യസിച്ചു കഴിഞ്ഞു. ഗാൽവൻ- ഹോട്ട് സ്‌പ്രിംഗ്സ് - പാങ്‌ഗോംഗ് പ്രദേശത്തെ 110 കിലോമീറ്ററിലാണ് ഇത്രയും സൈനികർ. ഒരു കിലോമീറ്ററിൽ ശരാശരി 400 സൈനികർ. രണ്ടര മീറ്റർ ഇടവിട്ട് ഒരാൾ വീതം.
ഫാസ്റ്റ് ട്രാക്ക് അധികാരം
സൈന്യത്തിന് അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്ന് യുദ്ധസജ്ജമാകുന്നതിനായി ആയുധങ്ങൾ വാങ്ങാൻ നൂലാമാലകളില്ലാതെ പണം ചെലവിടാനുള്ള അധികാരം. ഉറി ഭീകരാക്രമണത്തിനു പിന്നാലെ ബാലാക്കോട്ടിൽ മിന്നലാക്രമണം നടത്തിയ വ്യോമസേന ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് സ്പൈസ് 2000, സ്‌ട്രം അതാക്ക മിസൈലുകളും, കരസേന ഇസ്രയേലി ടാങ്ക് വേധ മിസൈലുകളും അമേരിക്കൻ വെടിക്കോപ്പുകളും വാങ്ങിയിരുന്നു.