sc

" ഈ മാറ്റങ്ങളൊക്കെ വരുത്താനല്ലേ താങ്കളെ ഇവിടേക്ക് ക്ഷണിച്ചു കൊണ്ടുവന്നത്." -മുഖ്യമന്ത്രി സി.അച്യുതമേനോൻ ഡോ.എം.എസ്.വല്യത്താനോട് ചോദിച്ചു.

കാലം.1974 ഒക്ടോബർ.

ശ്രീചിത്ര മെഡിക്കൽ സെന്ററിന് നേതൃത്വം നൽകാനും അതിനെ മികച്ച സ്പെഷ്യാലിറ്റി സെന്ററായി മാറ്റാനുമായിരുന്നു കേരള സർക്കാ‌ർ ഡോ.വല്യത്താനെ ഇവിടേക്ക് കൊണ്ടുവന്നത്.

അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ വല്യത്താൻ അന്ന് മദ്രാസ് ഐ.ഐ.ടിയിൽ

പ്രൊഫസറായും ,ഹൃദയ ചികിത്സയ്ക്ക് പ്രശസ്തമായ പെരമ്പൂരിലെ റെയിൽവേ ആശുപത്രിയിൽ സർജനായും പ്രവർത്തിച്ചു വരികയായിരുന്നു.

" ഞാൻ വരുമ്പോൾ രണ്ടര വർഷമായി കെട്ടിയിട്ടിരുന്ന ഒരു ബിൽഡിംഗാണ് ഇവിടെ ഉണ്ടായിരുന്നത്. സയന്റിഫിക് ആൻഡ് ലിറ്റററി ആക്ടിനു കീഴിൽ സൊസൈറ്റിക്കായിരുന്നു ശ്രീചിത്രയുടെ മേൽനോട്ടം. ആരോഗ്യമന്ത്രിയായിരുന്നു സൊസൈറ്റിയുടെ ചെയർമാൻ. അംഗങ്ങളായി രാഷ്ട്രീയ പ്രതിനിധികളും ഗവൺമെന്റ് സെക്രട്ടറിമാരുമായിരുന്നു.അവരെയും വച്ചുകൊണ്ട് കാര്യങ്ങൾ നടക്കില്ലെന്ന്

എനിക്ക് മനസിലായി .സൊസൈറ്റിയുടെ ഭരണസമിതി ചേർന്ന് പുതിയ ഭരണഘടന അംഗീകരിച്ചാൽ മാത്രമേ പുന:സംഘടിപ്പിക്കാനാവുമായിരുന്നുള്ളു.അതത്ര എളുപ്പമായിരുന്നില്ല. അതിനാണ് ഞാൻ മുഖ്യമന്ത്രി അച്യുതമേനോനെ പോയിക്കണ്ടത് . അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയാണ് ആദ്യം സൂചിപ്പിച്ചത്. പത്ത് ദിവസത്തിനുള്ളിൽ ഭരണഘടന ഭേദഗതി ചെയ്തു. അതായിരുന്നു അച്യുതമേനോൻ." -ഡോ.വല്യത്താൻ പറഞ്ഞു.

അന്ന് സർക്കാരിന്റെ പ്ളാനിംഗ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത് ഡോ.പി.കെ.ഗോപാലകൃഷ്ണനായിരുന്നു.ഡോ.വല്യത്താനെ ഇവിടെ എത്തിച്ചത് ഗോപാലകൃഷ്ണനായിരുന്നു. " ഐ.എ.എസ് കാരനല്ലാഞ്ഞിട്ടും ഗോപാലകൃഷ്ണനെ ഗവൺമെന്റ് സെക്രട്ടറിയായി അന്ന് അച്യുതമേനോൻ സെക്രട്ടേറിയേറ്റിൽ നിയമിച്ചിരുന്നു. ഗോപാലകൃഷ്ണൻ കേരളത്തിന് നൽകിയ സംഭാവനകൾ നിസ്തുലമാണ്. അന്ന് ആരംഭിച്ച പല ഗവേഷണ സ്ഥാപനങ്ങൾക്കും പിന്നിൽ അച്യുതമേനോനു പിന്തുണയായി നിന്നത് ഗോപാലകൃഷ്ണനായിരുന്നു " -ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി അഭിപ്രായപ്പെട്ടു.

ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.എൻ.ഹക്സറുമായി പി.കെ.ഗോപാലകൃഷ്ണനുള്ള അടുപ്പം ശ്രീചിത്രയുടെ പ്രാരംഭഘട്ടത്തിൽ ഏറെ ഗുണം ചെയ്തിരുന്നു.

മെഡിക്കൽ കോളേജ് ഒരുപാട് കിടക്കകളുള്ള ആശുപത്രിയാണ്. അന്ന് 100 കിടക്കകളുള്ള ശ്രീചിത്ര അതിന്റെ കൂടെ ചേർത്താൽ പ്രാധാന്യം ലഭിക്കില്ലെന്നും ചികിത്സയ്ക്കൊപ്പം ഗവേഷണവും നടത്താനാണ് ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ ശ്രീചിത്രയെ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അച്യുതമേനോൻ വല്യത്താനോട് പറഞ്ഞിരുന്നു.

ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ ഷഷ്ട്യബ്ദ പൂർത്തിയുടെ ഭാഗമായി തിരുവിതാംകൂർ രാജകുടുംബം നൽകിയ സംഭാവനയായിരുന്നു ആശുപത്രി നിർമ്മിക്കാനുള്ള പ്രാഥമിക മൂലധനം.കേരളത്തിൽ ഒരു സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാൻ ഈ സംഭാവന വിനിയോഗിക്കണമെന്നേ രാജകുടുംബം ആവശ്യപ്പെട്ടിരുന്നുള്ളു. മഹാരാജാവിനെയും ഡോ.വല്യത്താൻ പോയിക്കണ്ടിരുന്നു.ചിത്തിര തിരുനാൾ ആസ്ട്രിയയിൽ പോയപ്പോൾ അവിടെ എല്ലു രോഗങ്ങൾക്ക് മാത്രമായി ഒരാശുപത്രി കണ്ട കാര്യം സംഭാഷണവേളയിൽ സൂചിപ്പിപ്പിച്ചിരുന്നു.

ഹൃദയത്തിന്റെയും തലച്ചോറിന്റെയും ചികിത്സയും ഗവേഷണവുമായിട്ടാണ് ശ്രീചിത്ര തുടക്കം കുറിച്ചത്.

ശ്രീചിത്രയുടെ പ്രവർത്തനം സജീവമായപ്പോൾ കേരള സർവകലാശാലയുടെ കീഴിൽ ആട്ടോണമസ് കോളേജ് സ്റ്റാറ്റസിനായി ശ്രമിച്ചു. വൈസ് ചാൻസലറും സിൻഡിക്കേറ്റുമെല്ലാം ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് പിൻമാറി. സർവകലാശാലയിലെ അധികാര വടംവലിയായിരുന്നു കാരണം.

ഇതേത്തുടർന്ന് ഡീംഡ് സർവകലാശാലയാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി മൊറാർജി ദേശായിക്ക് കത്തെഴുതി. തിരുവനന്തപുരത്ത് പൂജപ്പുര സ്റ്റേൽമോണ്ട് പാലസിൽ ശ്രീചിത്രയുടെ ടെക്നോളജി വിംഗ് തുടങ്ങുന്നതിന് ശിലാസ്ഥാപനം നടത്താൻ പ്രധാനമന്ത്രി മൊറാർജിയെത്തി. ശ്രീചിത്രയുടെ പ്രവർത്തനങ്ങളിൽ വലിയ മതിപ്പോടെയായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.ജി.രാമചന്ദ്രനും തദവസരത്തിൽ സന്നിഹിതനായിരുന്നു.

ഡീംഡ് സർവകലാശാലയുടെ പ്രക്രിയകൾ സങ്കീർണവും സമയമെടുക്കുന്നതുമാണെന്ന് മൊറാർജി ദേശായ് വല്യത്താനോട് പറഞ്ഞു. ശ്രീചിത്രയെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടാക്കുന്നതാണ് നല്ലതെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഉപദേശം. അദ്ദേഹം ശ്രീചിത്രയെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തി. ആ ഓർഡർ ലഭിച്ചപ്പോൾ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി അത് തന്നെ ഏൽപ്പിച്ചത് വല്യത്താൻ ഇന്നും ഓർമ്മിക്കുന്നുണ്ട്.

ശ്രീചിത്രയുടെ ഏറ്റവും വലിയ നേട്ടമെന്താണെന്ന് ചോദിച്ചപ്പോൾ ഡോ.വല്യത്താന്റെ മറുപടി ഇങ്ങനെയായിരുന്നു.".സ്വാതന്ത്യ്രാനന്തര ഇന്ത്യയുടെ ചരിത്രമെടുത്താൽ ഒരുപാട് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളും ഐ.ഐ.ടികളുമൊക്കെ ഉണ്ടായി.എന്നാൽ മെഡിക്കൽ ടെക്നോളജി വികസിപ്പിക്കാതെ മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ എളുപ്പമായിരുന്നില്ല. ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള നൂൽ വരെ ഇറക്കുമതി ചെയ്യേണ്ടിയിരുന്നു.അപ്പോൾ എത്ര ശസ്ത്രക്രിയ ചെയ്യും? സാധാരണക്കാർക്ക് എന്ത് ഗുണം കിട്ടും?.നമ്മൾ തന്നെ മെഡിക്കൽ ടെക്നോളജി വികസിപ്പിക്കണമായിരുന്നു. ശ്രീചിത്ര അതാദ്യം ചെയ്തു.ചികിത്സയും ഗവേഷണവും വികസനവും ഒരു മേൽക്കൂരയ്ക്കു കീഴിൽ കൊണ്ടുവരാനായി എന്നതാണ് ശ്രീചിത്രയുടെ ഏറ്റവും വലിയ നേട്ടം. രാജ്യത്തെ ആരോഗ്യമേഖലയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടത്തിന് അത് തുടക്കം കുറിച്ചു." ശ്രീചിത്രയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച ഡോ.വല്യത്താൻ പറഞ്ഞു.ഹൃദയ വാൽവും (ചിത്രാ വാൽവ്) ബ്ളഡ് ബാഗും തുടങ്ങി വെയിൻ വ്യൂവർ വരെ പിന്നീടെന്തെല്ലാം ശ്രീചിത്ര വികസിപ്പിച്ചു.

ഇതിവിടെ പറയാൻ കാരണം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഇന്ന് ഇന്ത്യയുടെ അഭിമാന സ്തംഭമായി നിൽക്കുന്നതിന്റെ പിന്നിൽ വലിയ പ്രയത്നങ്ങളുടെ ദീർഘകാല ചരിത്രമുണ്ടെന്ന് ഓർമ്മിപ്പിക്കാനാണ്. ഈയിടെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർദ്ധൻ തന്റെ ഫേസ് ബുക്കിലെ പ്രൊഫൈൽ കവർ പേജിൽ നൽകിയ ചിത്രം ശ്രീചിത്ര കൊവിഡ് കാലത്ത് കണ്ടുപിടിച്ച പ്രോജക്ടുകളുടേതായിരുന്നു. കേന്ദ്ര സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന് അഭിമാനമായി ഉയർത്തിക്കാട്ടാൻ ശ്രീചിത്ര ഒട്ടേറെ കണ്ടുപിടുത്തങ്ങൾ നടത്തിയിരുന്നു.

കോവിഡ് -ആർ.എൻ.എ എക്സ്ട്രാക്ഷൻ കിറ്റ് ,കൊവിഡ് എക്സാമിനേഷൻ ബൂത്ത്,സാബ് കളക്ഷൻ ബൂത്ത് എന്നിവ ഇവയിൽ ചിലതുമാത്രം.

കഴിഞ്ഞ അഞ്ച് വർഷക്കാലത്ത് 37 പുതിയ ഗവേഷണ പദ്ധതികളാണ് ചിത്രയിൽ ആരംഭിച്ചത്. മൂന്ന് വർഷത്തിനിടെ 18 പുതിയ വൈദ്യശാസ്ത്ര ഉപകരണ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യൻ പേറ്റന്റിനായി 84 ഉം വിദേശ പേറ്റന്റിനായി എട്ടും അപേക്ഷകൾ സമർപ്പിച്ചു. 24 ഡിസൈനുകളും രജിസ്റ്റർ ചെയ്തു.12 ഇന്ത്യൻ പേറ്റന്റുകളും രണ്ട് യു.എസ്.പേറ്റന്റുകളും ശ്രീചിത്രയ്ക്ക് ലഭിച്ചു.ഡോ.വല്യത്താന്റെ കാലയളവിനുശേഷം ഒരർത്ഥത്തിൽ ചിത്ര വളർച്ചയുടെ ജൈത്രയാത്ര നടത്തിയത് കഴിഞ്ഞ അഞ്ച് വർഷക്കാലത്തായിരുന്നെന്ന് നിസംശയം പറയാം. പ്രതിദിനം 650 പേർ ഒ.പിയിൽ വരുന്നു. 253 കിടക്കകൾ.ഹൃദയ ചികിത്സയിലടക്കം അത്യാധുനിക സംവിധാനങ്ങൾ. സ്ട്രോക്ക് ചികിത്സയ്ക്ക് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച സെന്റർ ഇവിടെ പ്രവർത്തിക്കുന്നു

ശ്രീചിത്രയ്ക്കെതിരെ ആക്ഷേപങ്ങൾ ഉയർത്താൻ ഈയിടെ ചിലർ ശ്രമിച്ചിരുന്നു. നിലവിലുള്ള ഡയറക്ടറുടെ കാലാവധി നീട്ടുന്നതിനെ തുരങ്കം വയ്ക്കാൻ ചില റിട്ട.ഉദ്യോഗസ്ഥരും ഏതാനും ചില ഡോക്ടർമാരുമൊക്കെ ചേർന്നായിരുന്നു ഈ പൊറാട്ടു നാടകം. ചില രാഷ്ട്രീയക്കാരും കൂടെയുണ്ടായിരുന്നു. പക്ഷേ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് എല്ലാം സത്യസന്ധമായി വിലയിരുത്തി.യോഗ്യതയും പ്രതിഭയും മാനദണ്ഡമായിട്ടെടുത്ത് അവർ ഡയറക്ടർ ആശാ കിഷോറിന്റെ കാലാവധി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടിക്കൊടുത്തു. കുപ്രചാരണക്കാർ ഇനിയെങ്കിലും പിന്തിരിഞ്ഞാൽ അത് രാജ്യത്തിനാണ് ഗുണം ചെയ്യുക. തകർക്കാൻ എളുപ്പമാണ് സാർ. ഒട്ടേറെ പാവപ്പെട്ട രോഗികൾക്ക് ആശ്രയമാണീ കേന്ദ്രം. ഇതുപോലൊരു സ്ഥാപനം പടുത്തുയർത്തിയതിനു പിന്നിൽ ഒരുപാട് പേരുടെ ത്യാഗവും ആത്മാർപ്പണവും കഠിനാദ്ധ്വാനവും ഉണ്ട്. അത് വിസ്മരിക്കരുത്. ഓർമ്മകൾ ഉണ്ടായിരിക്കണം.