മ്യൂണിക്ക്: ജർമ്മൻ ബുണ്ടസ് ലിഗ കിരീടം ഉറപ്പിച്ച ബയേൺ മ്യൂണിക്ക് ഇന്നലെ നടന്ന മത്സരത്തിൽ സൂപ്പർതാരം റോബർട്ട് ലെവാൻഡോവ്സ്‌കിയുടെ ഗോളടി മികവിൽ എസ്.സി ഫ്രെയ്ബർഗിനെ കീഴടക്കി. ഇരട്ട ഗോളുമായി കളം നിറഞ്ഞ ലെവൻഡോവ്‌സ്കി ബുണ്ടസ്‌ലിഗയിൽ ഒരു സീസണിൽ ഏറ്രവും കൂടുതൽഗോൾ നേടുന്ന വിദേശതാരമന്ന റെക്കാഡ് സ്വന്തമാക്കിയപ്പോൾ 3-1 നാണ് ബയേണിന്റെ ജയം.ഈ സീസണിൽ പോളണ്ടുകാരനായ ലെവൻഡോവ്സ്കി ഇതുവരെ 33 ഗോളുകൾ നേടിക്കഴിഞ്ഞു.
ബൊറൂഷ്യ ഡോർട്ട്മുണ്ടിന്റെ മുൻതാരം പിയറി എറിക് ഔബമയാഗിന്റെ (2016 /17 സീസണിൽ നേടിയ 31 ഗോളുകൾ) പേരിലുണ്ടായിരുന്ന റെക്കാഡാണ് ലെവൻഡോവ്‌സ്‌കി പഴങ്കഥയാക്കിയത്.
അതേസമയം ബുണ്ടസ് ലിഗയിൽ ഒരു സീസണിൽ ഏറ്റവും അധികം ഗോളുകൾ നേടുന്ന താരം എന്ന റെക്കാഡ് മറികടക്കാൻ ഒരു മത്സരം കൂടി മാത്രം ശേഷിക്കെ ലെവൻഡോവ്സ്കിക്ക് എട്ട് ഗോളുകൾ കൂടി വേണം. 1972 സീസണിൽ 40 ഗോളുകൾ നേടിയ ഗെർഡ് മുള്ളറുടെ പേരിലാണ് ഈ റെക്കാഡുള്ളത്.
വെൻഡർ ബ്രെമനെതിരായ കഴിഞ്ഞ മത്സരത്തിലെ ജയത്തോടെ കിരീടമുറപ്പിച്ച ബയേൺ കഴിഞ്ഞ ദിവസം ഫ്രെയ്ബർഗിനെതിരെ 15-ാം മിനിട്ടിൽ ജോഷ്വാ കിമ്മിച്ച് നേടിയ ഗോളിലൂടെയാണ് സ്കോറിംഗ് തുടങ്ങിയത്. ലെവൻഡോവ്‌സ്കിയുടെ അസിസ്‌റ്രിൽ നിന്നായിരുന്നു കൃത്യമായി പ്ലേസ് ചെയ്ത ഷോട്ടിലൂടെ കിമ്മിച്ച് ഫ്രെയ്ബർഗിന്റെ വലകുലുക്കിയത്.
24-ാം മിനിട്ടിൽ റീബൗണ്ടിൽ നിന്ന് ലെവൻഡേവ്‌സ്കി ബയേണിന്റെ അക്കൗണ്ടിൽ രണ്ടാം ഗോളെത്തിച്ചു. ലിയോൺ ഗോരറ്റ്സ്കയുടെ ഷോട്ട് ഫ്രെയ്ബർഗ് ഗോളി അലക്സാണ്ടർ ഷാവലോവ് വീണുകിടന്ന് തട്ടിയെങ്കിലും ഗോൾ പോസ്റ്റിന് മുന്നിലുണ്ടായിരുന്ന ലെവൻഡോവ്സ്കി പന്ത് പിടിച്ചെടുത്ത് മനോഹരമായ ഹെഡ്ഡറിലൂടെ വലകുലുക്കുകയായിരുന്നു. 33-ാം മിനിട്ടിൽ ലൂക്കാസ് ഹോലർ ഫ്രെയ്ബർഗിനായി ഒരുഗോൾ മടക്കി. എന്നാൽ 37-ാം മിനിട്ടിൽ ലൂക്കാസ് ഹെർണാണ്ടസിന്റെ പാസ് വലയിലേക്ക് തിരിച്ചുവിട്ട് ലെവൻഡോവ്‌സ്കി ബയേണിന്റെ ഗോൾ പിട്ടിക പൂർത്തിയാക്കുകയായിരുന്നു. മത്‌സരത്തിലെ എല്ലാ ഗോളുകളും ആദ്യപകുതിയിലായിരുന്നു പിറന്നത്. ഇന്നലെ നടന്ന മറ്രൊരു മത്സരത്തിൽ യുവസെൻസേഷൻ ഏർലിംഗ് ഹാളണ്ടിന്റെ ഇരട്ടഗോളുകളുടെ മികവിൽ ലെയ്പ്സിഗിനെ 2-0ത്തിന് കീഴടക്കി ബൊറൂഷ്യ ഡോർട്ട്മുണ്ട് ലീഗിലെ രണ്ടാം സ്ഥാനം ഉറപ്പിച്ചു.
33 മത്സരങ്ങളിൽ നിന്ന് ബയേണിനിപ്പോൾ 79 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബൊറൂഷ്യ ഡോർട്ടുമുണ്ടിന് ഇത്രയും മ ത്സരങ്ങളിൽ നിന്ന് 69 പോയിന്റാണുള്ളത്.
സീസണിൽ ബയേണിന്റെ തുടർച്ചയായ 19-ാം വിജയം
96 ഗോളുകൾ ഈസീസണിൽ ഇതുവരെ ബയേൺ നേടി
പരിശീലകൻ ഹാൻസ്‌ഫ്ലിക്സിന്റെ ശിക്ഷണത്തിൽ കളിച്ച 30 മത്സരങ്ങളിൽ 27ലും ബയേൺ ജയിച്ചു
സീസണിൽ ബുണ്ടസ് ലിഗയിൽ ലെവൻഡോവ്സ്‌കി ഇതുവരെ 33 ഗോളുകൾ നേടിക്കഴിഞ്ഞു
സീസണിലെ എല്ലാമത്സരങ്ങളിൽ നിന്നുമായി ആകെ 48 ഗോളുകൾ ലെവൻഡോവ്‌സ്കി സ്കോർ ചെയ്തു