bolten

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് കോടതിയുടെ വിലക്കില്ല. "ദി റൂം വേർ ഇറ്റ് ഹാപ്പൻഡ്" ലക്ഷക്കണക്കിന് പകർപ്പുകൾ കയറ്റി അയച്ചു കഴിഞ്ഞുവെന്നും ഉദ്ധരണികൾ വ്യാപകമായി പ്രസിദ്ധീകരിക്കപ്പെട്ടുവെന്നും ജഡ്ജി റോയ്‌സ് സി ലാംബർത്ത് സൂചിപ്പിച്ചു. പുസ്തകം നാളെ പുറത്തിറങ്ങും.

അതേസമയം, ബോൾട്ടണെതിരെ ജഡ്ജി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഒരു ദേശീയ സുരക്ഷാ അവലോകനം പൂർത്തിയാക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും, തന്ത്രപ്രധാനമായ ചില രേഖകൾ പ്രസിദ്ധീകരിച്ചുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. 'അമേരിക്കയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എടുത്തുകൊണ്ടാണ് ബോൾട്ടൺ കളിക്കുന്നതെന്നും, അത് ക്രിമിനൽ നടപടികൾ ക്ഷണിച്ചുവരുത്തുമെന്നും' ജഡ്ജി പറഞ്ഞു. ജഡ്ജിയെ പ്രശംസിച്ച ട്രംപ്,​ കോടതി വിധി വലിയ വിജയമാണെന്നും അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ട്രംപിനെക്കുറിച്ച് നിരവധി വിവാദപരമായ പരാമർശങ്ങൾ പുസ്തകത്തിലുണ്ടെന്നാണ് സൂചന. ജോർജ് ഡബ്ല്യു ബുഷിന്റെ കീഴിൽ ഐക്യരാഷ്ട്രസഭയിലെ അംബാസഡറായിരുന്ന ബോൾട്ടൺ രാജിവച്ചപ്പോൾ 2018 ഏപ്രിലിനും 2019 സെപ്തംബറിനുമിടയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ട്രംപ് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.