ലോസ് ആഞ്ജലീസ്: സ്പാനിഷ് ഭാഷയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ''ദ ഷാഡോ ഒഫ് ദ വിൻഡ്' എന്ന വിഖ്യാത നോവലിന്റെ രചയിതാവ് കാർലോസ് റൂയിസ് സഫോൺ (55) അന്തരിച്ചു. അമേരിക്കയിലെ ലോസ് ആഞ്ജലീസിലായിരുന്നു അന്ത്യം. രണ്ടുവർഷത്തോളമായി കോളൻ കാൻസറിന് ചികിത്സയിലായിരുന്നു.
2001 ൽ പുറത്തിറങ്ങിയ 'ദ ഷാഡോ ഒഫ് വിൻഡ്' പന്ത്രണ്ടോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയുടെ 15 ദശലക്ഷത്തിലധികം കോപ്പികളാണ് ലോകമാകമാനം വിറ്റഴിഞ്ഞത്.
ബാർസലോനയിൽ ജനിച്ച സഫോൺ, പരസ്യമേഖലയിൽ ജോലിനോക്കുമ്പോഴാണ് സാഹിത്യത്തിലേക്ക് തിരിയുന്നത്. 1993 ൽ ആദ്യ നോവൽ 'ദ പ്രിൻസ് ഒഫ് മിസ്റ്റ്' പുറത്തിറങ്ങി. കൗമാരക്കാർക്ക് വേണ്ടി എഴുതിയ നോവൽ നിരൂപക ശ്രദ്ധ പിടിച്ചുപറ്റുകയും നിരവധി സാഹിത്യ പുരസ്‌ക്കാരങ്ങൾ നേടുകയും ചെയ്തിരുന്നു. സഫോണിന്റെ മരണത്തിൽ സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തി.