
തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകൾ തുടങ്ങി 20 ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്തെ സ്കൂളുകളിൽ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷന്റെ നേത്വത്വത്തിൽ മാനേജർമാർ ഇന്ന് ടെക്‌സ്റ്റ് ബുക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും.രാവിലെ 10ന് സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഷിജിൻ കലാം, അബ്ദുൾ കലാം, ദിലീപ് സദനത്തിൽ എന്നിവർ സംസാരിക്കും.
ജനുവരിയിൽ തന്നെ ഇൻഡന്റ് നൽകി ഫെബ്രുവരി-മാർച്ച് മാസത്തോടെ പുസ്തകങ്ങളുടെ മുഴുവൻ തുകയും സ്കൂളുകൾ അടച്ചുകഴിഞ്ഞു. എന്നാൽ ഇന്നേവരെ ഒരു അംഗീകൃത സ്കൂളിനും പാഠപുസ്തകം വിതരണം ചെയ്തിട്ടില്ല.
കേരള ബുക്സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റിയാണ് പാഠപുസ്തകങ്ങൾ തയാറാക്കി സ്കൂളുകളിലേക്ക് എത്തിക്കുന്നത്. 20നകം പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ജൂൺ 2ന് സൊസൈറ്റിയോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനമൊട്ടാകെ 2.82 കോടി പുസ്തകങ്ങൾ വേണ്ടിടത്ത് ജൂൺ ആദ്യ ആഴ്ചയിൽ പകുതി പുസ്തകങ്ങൾ മാത്രമാണു തയാറായത്. എന്നാൽ ഇതുപോലും നീതിയുക്തമായി വിതരണം ചെയ്യാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞില്ല.