ഹൂഗ്ളി ഷിപ്പ്‌യാർഡിൽ പൂർണ ഓഹരി പങ്കാളിത്തം
കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2019-20) അവസാനപാദമായ ജനുവരി-മാർച്ചിൽ 44 ശതമാനം കുതിപ്പോടെ 137.52 കോടി രൂപയുടെ ലാഭം നേടി. 95.44 കോടി രൂപയായിരുന്നു മുൻവർഷത്തെ സമാനപാദത്തിലെ ലാഭം. സഞ്ചിത വരുമാനം 851.26 കോടി രൂപയിൽ നിന്ന് 861.07 കോടി രൂപയിലേക്കും ഉയർന്നു.
സഞ്ചിതചെലവ് 692.11 കോടി രൂപയിൽ നിന്ന് 677.77 കോടി രൂപയിലേക്ക് താഴ്‌ന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ മൊത്തം ലാഭം 632 കോടി രൂപയാണ്. 2018-19ൽ ലാഭം 477 കോടി രൂപയായിരുന്നു. ബംഗാളിലെ ഹൂഗ്ളി കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഓഹരിപങ്കാളിത്തം 100 ശതമാനത്തിലേക്ക് ഉയർത്തിയെന്നും ബോംബെ ഓഹരി വിപണിക്ക് (ബി.എസ്.ഇ) സമർപ്പിച്ച റിപ്പോർട്ടിൽ കൊച്ചി കപ്പൽശാല വ്യക്തമാക്കി. നേരത്തേ, 74 ശതമാനമായിരുന്നു പങ്കാളിത്തം. അധികമായി 26 ശതമാനം ഓഹരികൾ കൂടി വാങ്ങിയതോടെ, ഹൂഗ്ളി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്രഡ് (എച്ച്.സി.എസ്.എൽ) കൊച്ചി കപ്പൽശാലയുടെ പൂർണ ഉടമസ്ഥതയിലായി.