ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റം ഉണ്ടായെന്ന് ശശി തരൂർ എം.പി. അവർ 60 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് നിർമ്മാണ പ്രവർത്തനം നടത്തി. തുണ്ട് തുണ്ടായി ഭൂമി കയ്യേറാനാണ് ശ്രമമെന്നും തരൂർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതിർത്തിക്കിപ്പുറത്തേക്ക് കടന്നുകയറ്റം ഉണ്ടായിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസത്തെ സർവകക്ഷി യോഗത്തിൽ പറഞ്ഞത്. എന്നാൽ, ചൈനീസ് സേന അതിർത്തിക്കിപ്പുറത്ത് കൈയ്യേറ്റത്തിന് ശ്രമിച്ചു എന്നായിരുന്നു അതിനു മുമ്പ് വിദേശകാര്യമന്ത്രാലയം പ്രസ്താവന നടത്തിയത്. ഇതോടെ, ചൈനയെ ന്യായീകരിക്കുന്ന പ്രസ്താവനയാണ് പ്രധാനമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.
'ചൈന കൈയ്യേറിയില്ലെങ്കിൽ ഇന്ത്യൻ സൈനികർ എങ്ങനെ മരിച്ചു? എവിടെയാണ് അവർ മരിച്ചത്? ഇക്കാര്യം വ്യക്തമാക്കണമെന്ന്" രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും ഇന്ത്യയുടെ പ്രദേശം നരേന്ദ്ര മോദി ചൈനയ്ക്ക് അടിയറ വച്ചെന്നും രാഹുൽ
ആരോപിച്ചിരുന്നു