ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യ- ചൈന സംഘർഷം പുകയുന്നതിനിടെ മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ് ഇന്ന് റഷ്യയിലേക്ക് യാത്ര തിരിക്കും.
ഇന്നലെ അദ്ദേഹം അതിർത്തിയിലെ സ്ഥിതിഗതികൾ സേനാമേധാവികളുമായി ചർച്ചചെയ്തു. സംയുക്തസേനാമേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാമേധാവി ജന. എം.എം. നരവനെ, നാവിക സേനാമേധാവി അഡ്മിറൽ കരംബിർ സിംഗ്, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ. കെ. എസ് ഭദൗരിയ എന്നിവർ സംഭവ വികാസങ്ങൾ മന്ത്രിയെ ധരിപ്പിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിക്കുമേൽ സോവിയറ്റ് റഷ്യ വിജയം നേടിയതിന്റെ 75-ാം വാർഷികത്തിൽ പങ്കെടുക്കാനും ഉഭയകക്ഷി ചർച്ചകൾക്കുമാണ് യാത്ര.
മോസ്‌കോയിൽ 24ന് നടക്കുന്ന മിലിട്ടറി പരേഡിൽ അതിഥിയായി രാജ്‌നാഥ് സിംഗ് പങ്കെടുക്കുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
പരേഡിൽ ഇന്ത്യയും ചൈനയും അടക്കം വിവിധ രാജ്യങ്ങളിലെ സൈനികർ പങ്കെടുക്കുന്നുണ്ട്.