-garib-kalyan-yojana

ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ധനമന്ത്രാലയം മാർച്ചിൽ പ്രഖ്യാപിച്ച ഗരീബ് കല്യാൺ പാക്കേജ് 42 കോടി പേർക്ക് ആശ്വാസം പകർന്നുവെന്ന് കേന്ദ്രസർക്കാർ. 65,​454 കോടി രൂപയാണ് പാക്കേജിലൂടെ കേന്ദ്രം വിതരണം ചെയ്‌തത്. പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യം,​ മുതിർന്ന പൗരന്മാർക്കും കർഷകർക്കും സാമ്പത്തിക സഹായം തുടങ്ങിയ നടപടികളാണ് പാക്കേജിൽ ഉണ്ടായിരുന്നത്.

കർഷകർക്ക് പ്രതിവർഷം മൂന്നു ഗഡുക്കളായി 6,​000 രൂപയുടെ സാമ്പത്തിക സഹായം നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പി.എം-കിസാൻ)​ നടപ്പുവർഷത്തെ ആദ്യ ഗഡുവായി മൊത്തം 17,​891 കോടി രൂപ വിതരണം ചെയ്‌തു. 8.94 കോടിപ്പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. സാമ്പത്തിക ഉൾപ്പെടുത്തലിന്റെ (ഫിനാൻഷ്യൽ ഇൻക്ളൂഷൻ)​ ഭാഗമായി അവതരിപ്പിച്ച,​ ജൻധൻ ബാങ്ക് അക്കൗണ്ടുള്ള 20.65 കോടി സ്‌ത്രീകൾക്ക് ആദ്യ ഗഡുവായി 10,​325 കോടി രൂപ നൽകി. രണ്ടാംഗഡുവായി 10,​315 കോടി രൂപയും മൂന്നാം ഗഡുവായി 10,​312 കോടി രൂപയും വിതരണം ചെയ്‌തു.

നിർമ്മാണമേഖലയിലെ 2.3 കോടി തൊഴിലാളികൾക്ക് 4,​312.82 കോടി രൂപയും നൽകി. പ്രധാനമന്ത്രി ഉജ്വല സ്‌കീം പ്രകാരം 8.52 കോടി പാചകവാതക സിലിണ്ടറുകളുടെ ബുക്കിംഗും വിതരണവും നടന്നു. നിർദ്ധന കുടുംബങ്ങൾക്ക് എൽ.പി.ജി ലഭ്യമാക്കുന്ന പദ്ധതിയാണിത്. ജൂണിൽ ഇതുവരെ 2.1 സിലിണ്ടറുകൾ ബുക്ക് ചെയ്യപ്പെട്ടുവെന്നും 1.87 സിലിണ്ടറുകൾ വിതരണം ചെയ്‌തുവെന്നും ധനമന്ത്രാലയം വ്യക്തമാക്കി. 65.74 ലക്ഷം തൊഴിലാളികളുടെ ഇ.പി.എഫ് വിഹിതമായി 996.46 കോടി രൂപ കേന്ദ്രം കൈമാറി. ഇ.പി.എഫ്.ഒയിലെ 20.22 ലക്ഷം അംഗങ്ങൾ നോൺ-റീഫണ്ടബിൾ അഡ്വാൻസിന്റെ ഓൺലൈൻ വിഡ്രോവൽ ആനുകൂല്യമായി 5,​767 കോടി രൂപ നേടിയെന്നും ധനമന്ത്രാലയം അറിയിച്ചു.