ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ശ്രീനഗർ സദിബാൽ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. സദിബൽ സൗറയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. രഹസ്യ വിവരത്തെ തുടർന്ന് പ്രദേശത്ത് ഇന്ന് രാവിലെ മുതൽ സുരക്ഷാ സേന പരിശോധന നടത്തി വരികയായിരുന്നു.
കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഭീകരർ വഴങ്ങിയില്ല. മുൻകരുതലെന്ന നിലയിൽ മേഖലയിൽ ഇന്റർനെറ്റ് വിച്ഛേദിക്കുകയും വാഹനങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന വെടിവയ്പിൽ മൂന്ന് ഭീകരരും കൊല്ലപ്പെടുകയായിരുന്നു. കഴിഞ്ഞ മേയിൽ രണ്ട് ബി.എസ്.എഫ് ജവാന്മാരെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇതിൽ രണ്ട് പേരെന്ന് കാശ്‌മീർ പൊലീസ് അറിയിച്ചു.
ഇതിനിടെ പൂഞ്ചിൽ ഇന്നലെ രാവിലെ ഇന്ത്യൻ പോസ്റ്റുകൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ മോട്ടാർ ഷെൽ ആക്രമണം നടത്തി. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതായി സൈനികവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും അതിർത്തിയിൽ പാക് പ്രകോപനമുണ്ടായിരുന്നു. ഇന്നലെ ബാരാമുള്ളയിലെ റാപൂരിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ ഒരു സ്ത്രീ ഉൾപ്പടെ നാല് പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു.