കാഠ്മണ്ഡു: രാജ്യത്തെ ഇന്ത്യൻ പൗരന്മാർക്കായി പൗരത്വനിയമം ഭേദഗതി ചെയ്ത് നേപ്പാൾ. നേപ്പാൾ പൗരന്മാരെ വിവാഹം കഴിക്കുന്ന ഇന്ത്യൻ പെൺകുട്ടികൾക്ക് നേപ്പാൾ പൗരത്വം ലഭിക്കാൻ കുറഞ്ഞത് ഏഴുവർഷം കാത്തിരിക്കണമെന്നാണ് പുതിയ നിയമഭേദഗതി. ഇന്ത്യൻ പൗരനെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് ഏഴുവർഷങ്ങൾക്കുശേഷം പൗരത്വം അനുവദിക്കുന്ന ഇന്ത്യയിലെ നിയമം ഉദ്ധരിച്ചാണ് നേപ്പാൾ ആഭ്യന്തര മന്ത്രി രാം ബഹദൂർ ഥാപ്പ, പുതിയ ഭേഗദതിയെക്കുറിച്ച് വിശദീകരിച്ചത്. എന്നാൽ, ഇന്ത്യൻ പൗരത്വനിയമത്തിലെ ഈ ഭേദഗതി നേപ്പാൾ പൗരന്മാർക്ക് ബാധകമല്ലെന്ന വസ്തുത മന്ത്രി പരാമർശിച്ചിട്ടില്ല.
അതിർത്തി വിഷയത്തിലും പുതിയ ഭൂപട നിർമ്മാണ വിഷയത്തിലും ഇന്ത്യയും നേപ്പാളും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല. ഇതിന് പുറമെയാണ് ഇന്ത്യക്കാരെ ലക്ഷ്യംവച്ച് പൗരത്വനിയമത്തിലും പുതിയ ഭേദഗതി വരുത്തിയിട്ടുള്ളത്. ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപിയാധുര പ്രദേശങ്ങൾ തങ്ങളുടേതാക്കി മാറ്റിവരച്ച നേപ്പാളിന്റെ പുതിയ രാഷ്ട്രീയഭൂപടം ഇന്ത്യയുടെ ശക്തമായ എതിർപ്പിനെ മറികടന്ന് കഴിഞ്ഞയാഴ്ച നേപ്പാൾ പാർലമെന്റ് പാസാക്കിയിരുന്നു. കൂടാതെ, ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ സൈന്യത്തിന്റെ വെടിവയ്പിൽ ഒരു ഇന്ത്യൻ കർഷകൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.
എഫ്.എമ്മിലൂടെ ഇന്ത്യാവിരുദ്ധ പ്രചാരണമെന്ന്
നേപ്പാളിലെ എഫ്.എം റേഡിയോ സ്‌റ്റേഷനുകൾ ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നുവെന്ന വെളിപ്പെടുത്തലുമായി അതിർത്തിയിലെ ഗ്രാമീണർ. നേപ്പാളി ഗാനങ്ങൾക്കിടെ ഇന്ത്യാവിരുദ്ധ പ്രസംഗങ്ങളും എഫ്.എം റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുന്നതായി ഗ്രാമീണർ പറഞ്ഞു. അതിർത്തിയിലെ ഇന്ത്യൻ ഗ്രാമങ്ങളിൽ താമസിക്കുന്നവരാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.