ladakh

ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഗൽവാൻ താഴ്‌വരയിൽ ജൂൺ 15 നു രാത്രിയുണ്ടായ ചൈനീസ് അതിക്രമത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. ആദ്യത്തെ വാക്കേറ്റത്തിനും അർദ്ധരാത്രിക്കു ശേഷമുള്ള സംഘർത്തിനുമിടെ ഇരുപക്ഷവും തമ്മിൽ മൂന്നു തവണ ഏറ്റുമുട്ടലുണ്ടായിരുന്നു. ഒടുവിലത്തെ കൂട്ടത്തല്ല് തുടങ്ങിയത് അർദ്ധരാത്രി പിന്നിട്ടതിനു ശേഷമാണെന്നും വ്യക്തമായി.

ഇന്ത്യൻ അതിർത്തിക്കകത്ത് ചൈന ടെന്റ് നിർമ്മിച്ചത് ചോദ്യം ചെയ്യുകയും,​ വാക്കേറ്റത്തിനു ശേഷം കമാൻഡിംഗ് ഓഫീസർ സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സൈനികർ ഈ ടെന്റ് കത്തിക്കുകയും ചെയ്തിരുന്നു. കൂടുതൽ സൈനികരെ അവിടേക്ക് അയയ്ക്കാൻ നിർദ്ദേശിച്ച സന്തോഷ് ബാബുവും സംഘവും,​ രാത്രി 9 മണിയോടെ ഒരു സംഘം ചൈനാക്കാരെ ഗാൽവൻ നദീതീരത്തുകൂടി അതിർത്തിക്കപ്പുറത്തേക്ക് ഓടിച്ചിരുന്നു.

ഇതിനിടെ ചൈനീസ് ഭാഗത്തെ മലയിടുക്കിൽ നിന്ന് ഇന്ത്യൻ സംഘത്തിനു നേരെ കല്ലേറു തുടങ്ങി. ഒരു കല്ല് പതിച്ചത് സന്തോഷ് ബാബുവിന്റെ തലയിലാണ്. ബോധരഹിതനായ അദ്ദേഹം ഗാൽവൻ നദിയിലേക്ക് വീണു. ഇതിനിടെ കൂടുതൽ ഇന്ത്യൻ സൈനികർ എത്തി വീണ്ടും ഏറ്റുമുട്ടലായി. 300ഓളം സൈനികർ പലയിടങ്ങളിലായി നടത്തിയ കൂട്ടത്തല്ല് 45മിനിട്ടോളം നീണ്ടു. ഇത്തവണ ചൈനക്കാർ ആണി വച്ച ഇരുമ്പ് ദണ്ഡും മുളവടിയും ഉപയോഗിച്ചാണ് ആക്രമിച്ചത്. ഇരുട്ടിൽ നദിയിലേക്കു വീണത് ആരൊക്കെയെന്ന് വ്യക്തമായില്ല. 45 മിനിട്ടിനു ശേഷം രംഗം ശാന്തമായതോടെ പരിക്കേറ്റവരെ രക്ഷിക്കാനുള്ള ശ്രമങ്ങളായി. കേണൽ ബാബു ഇതിനകം മരിച്ചിരുന്നു. അദ്ദേഹത്തിന്റെയും മറ്റു സൈനികരുടെും മൃതദേഹങ്ങൾ വീണ്ടെടുത്തു.

ഡ്രോണിന്റെ ഇരമ്പൽ

ഗാൽവൻ നദിയിലെ ഇടുങ്ങിയ തീരത്ത് പാറക്കെട്ടുകൾക്കിടയിലാണ് പൊരിഞ്ഞ തല്ലു നടന്നത്. നദിയിലെ തണുത്ത വെള്ളത്തിലും പാറക്കെട്ടിനിടയിലും കൂടുതൽ ആളുകൾ വീണു. ഒരുമണിക്കൂറിനു ശേഷം രംഗം വീണ്ടും ശാന്തമായതോടെ മെഡിക്കൽ സംഘമെത്തി തിരച്ചിൽ തുടങ്ങി. പരിക്കേറ്റ് മരവിച്ചു കിടന്ന പലർക്കും സംസാരിക്കാനാവില്ലായിരുന്നു. ഇരുട്ടിൽ ആളുകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടി. അങ്ങനെയാണ് ചൈനീസ് മെഡിക്കൽ സംഘം അബദ്ധത്തിൽ പത്ത് ഇന്ത്യൻ സൈനികരെയും രക്ഷിച്ച് മെഡിക്കൽ ക്യാമ്പിലേക്കു മാറ്റിയത്.

ഇതിനിടെ മേഖലയിലെ രാത്രി ദൃശ്യങ്ങൾ പകർത്താൻ ചൈനീസ് ഡ്രോൺ പ്രത്യക്ഷപ്പെട്ടു. വീണ്ടും ആക്രമിക്കാനുള്ള നീക്കമാണെന്ന് മനസിലായതോടെ 16 ബീഹാർ റെജിമെന്റ്, മൂന്നാം പഞ്ചാബ് റെജിമെന്റ് വിഭാഗത്തിലെ കൂടുതൽ സൈനികർ എത്തി. സംശയിച്ചതി പോലെ അർദ്ധരാത്രിയോടെ കൂടുതൽ ചൈനീസ് പട്ടാളമെത്തിയതോടെ വീണ്ടും ആക്രമണം തുടങ്ങുകയായിരുന്നു.