ന്യൂയോർക്ക്: കൊറോണ പ്രതിസന്ധികൾക്കിടയിലും ഇത്തവണത്തെ യു.എസ്. ഓപ്പൺ നടത്തുമെന്ന സംഘാടകരുടെ അറിയിപ്പിന് പിന്നാലെ കോർട്ടിലിറങ്ങാൻ അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് വെളിപ്പെടുത്തി അമേരിക്കൻ സൂപ്പർസ്റ്രാർ സെറീന വില്യംസ്. 23 ഗ്രാൻഡ്സ്ലാമുകൾ സ്വന്തമാക്കി കഴിഞ്ഞ സെറീന ഇത്തവണത്തെ യു.എസ്.ഓപ്പൺ സ്വന്തമാക്കാനായി വലിയ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. യു.എസ് ഓപ്പൺ കോർട്ടിന്റെ പ്രതലം വീട്ടിൽ നിർമ്മിച്ചാണ് പരിശീലനം.
1978ന് ശേഷം ആദ്യമായി യുഎസ് ഓപ്പണിലെ പ്രതലത്തിന് മാറ്റമുണ്ട്. ഡെക്കോടർഫിൽ നിന്ന് ലോയ്‌കോൾഡിൻ പ്രതലം നിർമിക്കാനുള്ള അനുമതി നൽകിയിരിക്കുകയാണ് സംഘാടകർ. ഈ മാറ്റം മുന്നിൽകണ്ടുള്ള തയ്യാറെടുപ്പുകളാണ് സെറീന നടത്തുന്നത്. ലോയ്കോൾഡ് പ്രതലം വീട്ടിൽ തയ്യാറാക്കി സെറീന പരിശീലനം നടത്തുന്ന വിവരം ടൂർണമെന്റ് ഡയറക്ടറായ സ്റ്റാസി അലസ്റ്ററാണ് പുറത്തുവിട്ടത്.
ആഗസ്റ്റ് 31 മുതൽ സെപ്തംബർ 13വരെ ചാമ്പ്യൻഷിപ്പ് നടത്തുമെന്നാണ് യു.എസ് ഓപ്പൺ സംഘാടകർ അറിയിച്ചത്. എന്നാൽ നൊവാക്ക് ജോക്കോവിച്ചിന് കൊറോണ ബാധിച്ചത് ടൂർണമെന്റിന് ഭീഷണിയായിട്ടുണ്ട്. യു.എസ്. ടെന്നീസ് അസോസിയേഷൻ ടൂർണമെന്റിന് എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തിക്കഴിഞ്ഞെന്നും കളി നടക്കുമെന്നാണ് പ്രതീക്ഷയെന്നും സെറീന കഴിഞ്ഞ ദിവസം പറഞ്ഞു.
ആറ് തവണ യു.എസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട സെറീന കഴിഞ്ഞ രണ്ട് തവണയും ഫൈനലിൽ തോറ്രിരുന്നു.