ആദ്യമായി പ്രധാന വേഷം ചെയ്ത സിനിമയാണ് ' ഒരു അഡാറ് ലവ്'. ഗാഥാ ജോൺ
എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ പറഞ്ഞറിയാക്കാനാവാത്ത സന്തോഷം തോന്നി. കുടുംബവും ഒന്നിച്ചാണ്
ആദ്യ ഷോ കണ്ടത്. സിനിമ കഴിഞ്ഞപ്പോൾ ഉമ്മ വന്നു കെട്ടിപ്പിടിച്ചു. ക്ളൈമാക്സ് കണ്ട് ചേച്ചിക്ക് വിഷമം തോന്നി.
'നൂറ്, നന്നായി ചെയ്തുവെന്ന് ' ചേച്ചിയുടെ കോംപ്ളിമെന്റ് കിട്ടി-മലയാള സിനിമയിലെ പുത്തൻ താരോദയം നൂറിൻ ഷെറീഫ്
മനസു തുറക്കുന്നു
വീട്ടിലെ കണ്ണാടിക്കു മുന്നിലായിരുന്നു എന്റെ ആദ്യ അഭിനയം. സിനിമയോട് ഇഷ്ടം തോന്നിയ നിമിഷം മുതൽ അഭിനയം തുടങ്ങി! കണ്ട സിനിമയിലെ നായികമാരെ അനുകരിക്കാൻ ശ്രമിച്ചു. നാളെ സിനിമാതാരമാവുമെന്ന് അന്നേ തീരുമാനിച്ചു. കൊല്ലം കുണ്ടറയാണ് നാട്.സ്കൂൾ കലോത്സവത്തിൽ സജീവമായി പങ്കെടുത്തു. എഴാം ക്ളാസ് വരെ കൊല്ലം ടി. കെ. എം പബ്ളിക് സ്കൂളിലായിരുന്നു . കലോത്സവത്തിന് ഗ്രേസ് മാർക്കുണ്ട്. അതിനാൽ ഹൈസ്കൂൾ പഠനം ലിറ്റിൽ ഫ്ളവർ സ്കൂളിൽ. പ്ളസ് ടു പഠനം ഗവ. എൻ.എൻ. എസ്.എമ്മിലും ആയിരുന്നു. ഇപ്പോൾ ചവറ എം.എസ്. എൻ. ഐ. എം. ടി കോളേജിൽ ഇന്റർഗ്രേറ്റഡ് എം.ബി. എ രണ്ടാം വർഷം പഠിക്കുന്നു. സ്കൂളിൽ പഠിക്കുമ്പോൾ ഒപ്പന, മാർഗംകളി, കഥാപ്രസംഗം ഇനങ്ങളിലാണ് പതിവായി പങ്കെടുത്തത്.
സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹൈജമ്പിന് ഒന്നാം സ്ഥാനം നേടിയിരുന്നു. ഏറ്റവും വലിയ അംഗീകാരം 2017ൽ ലഭിച്ച മിസ് കേരളയാണ്. സിനിമ കണ്ട ഫ്രണ്ട്സ് ട്രീറ്റ് ചെയ്യണമെന്ന് പറഞ്ഞ് വിളിക്കുന്നു.നമ്മൾ ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാൽ അത് നേടിയെടുക്കാൻ പ്രപഞ്ചം മുഴുവൻ ഒപ്പം നിൽക്കുമെന്ന് പറയുന്നത് സത്യമാണ്. അതിന്റെ ഉദാഹരണമാണ് ഞാൻ.
ഒമറിക്കയുടെ ചങ്ക് സിൽചെറിയൊരു വേഷം ചെയ്തിരുന്നു. പ്ളസ് ടുവിന് പഠിക്കുമ്പോഴായിരുന്നു അത്.ചങ്ക്സിന്റെ ഷൂട്ടിംഗിനിടെയാണ് ഒരു അഡാറ് ലവിന്റെ കാര്യം ഇക്ക എന്നോട് പറയുന്നത്. രണ്ടു വർഷം മുൻപ്. അപ്പോൾ മുതൽ ആ സിനിമ ഒരു സുന്ദര സ്വപ്നം േപാലെ എന്റെ ഉള്ളിൽ ഒാടുകയായിരുന്നു.
റോഷനും പ്രിയ പ്രകാശ് വാര്യർക്കും ലഭിച്ച പ്രശസ്തി എന്നെ അതിശയിപ്പിച്ചു. അത് ഒരിക്കലും പ്രൊഫഷണലിയല്ല, പേഴ്സണലി. ഒന്നു രണ്ടു ട്രോളുകൾ എനിക്കുമുണ്ടായിരുന്നു. പക്ഷേ ആരും അത് ശ്രദ്ധിച്ചില്ല. കോടിയിൽ ഒരാൾക്ക് കിട്ടുന്ന എക്സ്പോഷറാണ് അവർക്ക് രണ്ടുപേർക്കും ലഭിച്ചത്. ഇനി ഒറ്റ ദിവസം കൊണ്ട് താരമാവുക എന്നത് ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞു. അതൊന്നും ഞാൻ ആഗ്രഹിച്ചിട്ട് കാര്യമില്ലെന്നും മനസിലായി. ലഭിച്ച കഥാപാത്രം പരമാവധി നന്നായി ചെയ്യുക എന്ന ചോയ്സ് മാത്രമായിരുന്നു എന്റെ മുന്നിൽ. അതിന്റെ റിസൾട്ട് കിട്ടി.അഡാറ് ലവിലെ കഥാപാത്രത്തിന് മുകളിൽ നിൽക്കുംവിധം അടുത്ത സിനിമ ചെയ്യാനാണ് ശ്രമിക്കുന്നത്.
രണ്ടാമത്തെ പാട്ട് ഇറങ്ങിയപ്പോഴാണ് ആളുകൾ എന്നെ ശ്രദ്ധിച്ചത്. എനിക്ക് പ്രിയയെ പോലെ കണ്ണിറുക്കൽ എക്സ്പ്രഷനൊന്നും നന്നായി ചെയ്യാൻ സാധിക്കുമോയെന്ന് അറിയില്ല. അതൊക്കെ ഒാരോരുത്തരുടെയും ഭാഗ്യമാണ്. പക്ഷേ ആ പാട്ട് വൈറലായി കഴിഞ്ഞപ്പോൾ സിനിമയിലെ നായിക സ്ഥാനത്തുനിന്ന് എന്നെ മാറ്റിയതിൽ സങ്കടം തോന്നിയിരുന്നു. പാട്ട് വൈറലായതിന്റെ പേരിൽ സിനിമയുടെ കഥാഗതി തന്നെ മാറ്റി. ആദ്യമായി നായിക വേഷം കിട്ടിയ സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് സമീപിച്ചത്. അതു കൊണ്ടാണ് സങ്കടം തോന്നിയത്. കഥ മാറ്റിയ ശേഷം എനിക്ക് കിട്ടിയ വേഷം പരമാവധി നന്നായി ചെയ്യാൻ ശ്രമിച്ചു. ഒരു അഡാറ് ലവിൽ അഭിനയിച്ച മിക്കവരും 18- 19 വയസുള്ളവരായിരുന്നു. ഏറെ സ്വപ്നങ്ങളുമായാണ് ഒാരോരുത്തരും അഭിനയിച്ചത്. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചാണ് ക്ലൈമാക്സ് മാറ്റിയത്.
കംഫർട്ട് തോന്നുന്ന ഡ്രസുകളാണ് സെലക്ട് ചെയ്യുക. ഡ്രസ് സെലക്ട് ചെയ്യുന്നതിൽ ഞാൻ തന്നെ ചില ലിമിറ്റേഷൻസ് വച്ചിട്ടുണ്ട്. മാറുന്ന ട്രെൻഡുകൾ ശ്രദ്ധിക്കാറുണ്ട്. അത് ഫോളോ ചെയ്യാറുമുണ്ട്. ഉമ്മയാണ് എന്റെ ഡ്രസുകൾ സെലക്ട് ചെയ്യുന്നത്. ഉമ്മയ്ക്ക് നല്ല ഫാഷൻ സെൻസാണ്. നേരത്തേ ഷോപ്പ് നടത്തിയിരുന്നു. ചേച്ചിയുടെ ഡ്രസും ഉമ്മയാണ് ഡിസൈൻ ചെയ്യുന്നത്. വാപ്പ മുപ്പതുവർഷം സൗദിയിലായിരുന്നു. ചേച്ചിയുടെ ഭർത്താവ് മുസ്തഫ. ഇക്ക മസ് ക്കറ്റിൽ ബിസിനസ് ചെയ്യുന്നു. അന്നും ഇന്നും സിനിമയാണ് എന്റെ പാഷൻ. എം.ബി. എ കംപ്ളീറ്റ് ചെയ്യണം. നല്ല സിനിമയുടെ ഭാഗമാവണം. അതാണെന്റെ സ്വപ്നം.
മരട് 357 എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്. ലോക് ഡൗൺ കഴിഞ്ഞ് ചിത്രം തിയേറ്ററുകളിലെത്തും. ഉണ്ണി മുകുന്ദൻ നായകനാകുന്ന മേപ്പടിയാനാണ് കമ്മിറ്റ് ചെയ്ത മറ്റൊരു ചിത്രം.