ന്യൂഡൽഹി: രാജ്യത്തെ ഏറ്റവുമധികം കൊവിഡ് വലച്ച രണ്ട് നഗരങ്ങൾ മുംബയും ഡൽഹിയും. ഇന്ത്യയിൽ ഒന്നാമതായുളള മഹാരാഷ്ട്രയിൽ കൂടുതൽ രോഗം ബാധിച്ചയിടം മുംബയാണെങ്കിൽ അടുത്തുളള സംസ്ഥാനമായ തമിഴ്നാടിനു പിന്നിൽ മൂന്നാമതായി ഡൽഹിയുണ്ട്. മുംബയിൽ നഗരത്തിൽ നിന്ന് വിട്ട് നഗരാതിർത്തിയിലെ പ്രദേശങ്ങളിൽ കൂടി കൊവിഡ് പിടിമുറുക്കുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണുന്നത്.
ഡൽഹിയിൽ 59,746 പേർക്കും മഹാരാഷ്ട്രയിൽ 66,488 പേർക്കും ഇതുവരെ രോഗബാധയുണ്ടായി. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ രോഗം കണ്ടെത്തുന്നതിനും, സാമൂഹിക അകലം പാലിക്കുന്നത് വർദ്ധിപ്പിക്കാനും കണ്ടെയ്ൻമെന്റ് സോണിൽ ശ്രദ്ധയോടെ കാര്യങ്ങൾ നടപ്പാക്കിയും ജില്ലാതലത്തിൽ ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനം വർദ്ധിപ്പിച്ചും സർക്കാർ പൊരുതുകയാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായും ലഫ്‌റ്റനന്റ് ഗവർണർ അനിൽ ബൈജാലുമായും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനുമായും ഡൽഹിയിലെ സ്ഥിതിഗതികളെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിരവധി തവണ ചർച്ച നടത്തി.
കണ്ടെയ്ൻമെന്റ് സോണുകൾ നവീകരിക്കുകയും അവയുടെ അതിർത്തികൾ പുനർനിർണയിക്കുകയും ചെയ്തു. നിലവിലുളള 261 കണ്ടെയ്ൻമെന്റ് സോണുകളിൽ ജൂൺ 30നകം 100 ശതമാനം സമഗ്രമായ സർവ്വേ നടത്താനും ജൂലായ് 6നകം ദില്ലി മുഴുവനായും സർവ്വേ നടത്താനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. രോഗികളുടെ കുടുംബാംഗങ്ങളല്ലാതെ പുറത്തേക്കും സമ്പർക്കപട്ടിക തയ്യാറാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട് സർക്കാർ. ഡൽഹി ആശുപത്രികളിലെ മെഡിക്കൽ അദ്ധ്യാപകരെയും മൂന്നും നാലും വർഷ വിദ്യാർത്ഥികളെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.
റാപ്പിഡ് ആന്റിബോഡി ടെസ്‌റ്റുകൾ, ശരീരസ്രവ പരിശോധനകൾ, രക്തപരിശോധനകൾ എന്നിവ അടുത്തയാഴ്ച മുതൽ വലിയ അളവിൽ നടത്താൻ തീരുമാനമായി. കൊവിഡ് വ്യാപന തോത് അറിയാൻ 20000 സ്രവപരിശോധന ടെസ്‌റ്റുകൾ ജൂൺ 27നും ജൂലായ് 10നുമിടയിൽ നടത്തും. ഡൽഹി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ സാമൂഹിക അകലം പാലിക്കാത്തവരെയും മാസ്‌ക് ധരിക്കാത്തവരെയും കണ്ടെത്തി പിഴ ചുമത്തും.
അതേസമയം മുംബൈ നഗരത്തിൽ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ദ്രുത പരിശോധനാ രീതി വഴി രോഗം കണ്ടെത്തൽ, നിരീക്ഷണം, ടെസ്‌റ്റിംഗ്, ചികിത്സ എന്നിവയുടെ പ്രവർത്തനങ്ങൾ പുതുതായി രോഗബാധയുളള ഏഴ് ഭാഗങ്ങളിൽ വർദ്ധിപ്പിക്കും. ആംബുലൻസിൽ സജ്ജീകരിച്ച മൊബൈൽ പനി ക്‌ളിനിക്കിൽ ഒരു സംഘം ഡോക്‌ടർമാർ ദ്രുത പരിശോധനയുളള ഇടങ്ങളിൽ വീടുകൾ തോറും പരിശോധിക്കും. സംശയിക്കുന്നവരിൽ പനി ലക്ഷണങ്ങൾ, ഒരസുഖത്തോടൊപ്പം മറ്റൊരു രോഗവുമുള്ളത് കണ്ടെത്തുക, സ്വാബ് പരിശോധന എന്നിവ നടത്തും.
നഗരാതിർത്തികളിൽ രോഗികളുടെ ഊഷ്മാവ് അളക്കുവാനുള്ള സംവിധാനവും ഉണ്ടാകും. സംശയിക്കുന്നവരെ ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലോ വീടുകളിൽ തന്നെ ക്വാറന്റൈൻ ചെയ്യാനോ സംവിധാനം ചെയ്യും. ഈ മേഖലയിൽ ജനങ്ങളുമായി വേണ്ട കാര്യങ്ങൾസംസാരിക്കാൻ ജനപ്രതിനിധികൾ, പൗര സംഘടനകൾ, എൻ.ജി.ഒകൾ എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.