കോട്ടയം: കാണാതായ വെെദികന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അയർക്കുന്നത് കാണാതായ വെെദികന്റെ മൃതദേഹമാണ് പള്ളിവളപ്പിലെ കിണറ്റിൽ കണ്ടെത്തിയത്. സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് എട്ടുപറയൽ ആണ് മരിച്ചത്. ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വെെകുന്നേരം മുതലാണ് വെെദികനെ കാണാതായത്. തുടർന്ന് നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നുപുലർച്ചെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച മൂന്നുമണിയോടെ പുറത്തേക്കുപോയ വൈദികൻ രാത്രി വൈകിയും തിരിച്ചെത്തിയിരുന്നില്ല. മൊബൈൽ ഫോൺ സൈലന്റ് മോഡിലാക്കിയനിലയിൽ താമസിക്കുന്ന മുറിയിൽ കണ്ടെത്തുകയായിരുന്നു.
മുറിയുടെ വാതിലുകൽ ചാരിയ നിലയിലായിരുന്നു. പള്ളിയിലെ സി.സി.ടി.വി കാമറകൾ ഓഫുചെയ്ത നിലയിലായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു. ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമല്ല. ഇൻക്വസ്റ്റിനുശേഷം ഉച്ചയോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. നേരത്തെ വിദേശത്തായിരുന്ന വൈദികൻ അടുത്തിടെയാണ് പുന്നത്തറ പള്ളിയിൽ ചുമതലയേറ്റത്.