soan-papadi

സോൻ പാപ്ഡി എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. ആഘോഷങ്ങൾക്കാണെങ്കിലും അല്ലെങ്കിലും സോൻ പാപ്ഡി കഴിക്കാൻ എല്ലാവർക്കും പ്രിയങ്കരമാണ്. എന്നാൽ, ഒരിക്കലെങ്കിലും ഇത് കടയിൽ നിന്ന് വാങ്ങിക്കാതെ വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കാൻ ശ്രമിച്ചിട്ടുണ്ടോ? ഉണ്ടാക്കാൻ ആഗ്രഹം ഉണ്ടെങ്കിലും ഉണ്ടാക്കിയാൽ ശരി ആകുമോ എന്ന ഭയത്താലാണ് പലരും ഇത് ഉണ്ടാക്കാൻ ശ്രമിക്കാത്തത്. എന്നാൽ ഇനി ആ പേടി വേണ്ട, വളരെ എളുപ്പത്തിലും കടയിൽ നിന്ന് ലഭിക്കുന്ന അതേ രുചിയിലും സോൻ പാപ്ഡി ഉണ്ടാക്കാൻ ഇതാ ഒരു എളുപ്പ വഴി.

ആവശ്യമുള്ള സാധനങ്ങൾ

കടലമാവ് - ഒന്നര കപ്പ്
മൈദ - ഒന്നര കപ്പ്
പാൽ - 2 ടേബിൾ സ്പൂൺ
പഞ്ചസാര - രണ്ടര കപ്പ്
ഏലയ്ക്കാപ്പൊടി -1 ടീസ്പൂൺ
നെയ്യ് - 250 ഗ്രാം
വെള്ളം - ഒന്നര കപ്പ്
പോളിത്തീൻ ഷീറ്റ്

തയ്യാറാക്കുന്ന രീതി
ഒരു പാത്രത്തിൽ മൈദയും കടലമാവും കൂട്ടിക്കലർത്തുക. ഒരു പാനിൽ നെയ്യ് ചൂടാക്കണം. ഇതിലേക്ക് കലർത്തി വെച്ചിരിക്കുന്ന മാവ് ചേർത്ത് നല്ലത് പോലെ ഇളക്കുക. ഇത് ഇളം ബ്രൗൺ നിറമാകുന്നത് വരെ ഇളക്കുക. അതിന് ശേഷം ഇത് ഒരു പാത്രത്തിൽ പരത്തി വെയ്ക്കുക. അടികട്ടിയുള്ള പാത്രത്തിൽ വെള്ളം ചൂടാക്കുക. ഇതിലേയ്ക്ക് പഞ്ചസാര, പാൽ എന്നിവ ചേർത്തിളക്കി അൽപം കട്ടിയുള്ള മിശ്രിതമാക്കി എടുക്കുക. ഇത് ചൂടാറാൻ വെയ്ക്കുക. ശേഷം ഒരു പരന്ന പാത്രത്തിൽ നെയ്യ് പുരട്ടി വെയ്ക്കുക. മാവും പഞ്ചസാര - പാൽ മിശ്രിതവും തണുത്താറിക്കഴിയുമ്പോൾ പഞ്ചസാര മിശ്രിതത്തിലേക്ക് മാവ് കുറേശെ കുറേശെ ഇട്ട് ഇളക്കുക.

ഇളക്കുമ്പോൾ നൂൽ പരുവത്തിലാകുമ്പോൾ തന്നെ ഇത് നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് ഒഴിക്കാനായി ശ്രദ്ധിക്കുക. ഒഴിച്ച് കഴിയുമ്പോൾ ഇതിന് ഒരിഞ്ച് കട്ടിയിലെങ്കിലും ഉണ്ടായിരിക്കണം. അതിന് ശേഷം ഇതിന് മീതെ ഏലയ്ക്കാപ്പൊടി വിതറാം. സോൻ പാപ്ഡി ചെറിയ ചതുരക്കട്ടകളായി മുറിച്ച് മുകളിൽ പോളിത്തീൻ കവർ ഇടുക.