sachin

കൊളംബോ: 2011ലെ ലോകകപ്പ് ഫൈനൽ മത്സരത്തെ പരാമർശിച്ച് ശ്രീലങ്കൻ മുൻ കായികമന്ത്രി മഹീന്ദാനന്ദ ആലുത്ഗാമെഗെ ഉന്നയിച്ച ആരോപണത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ശ്രീലങ്കൻ മുൻ താരം അരവിന്ദ ഡിസിൽവ ആവശ്യപ്പെട്ടു.

“2011ലെ ലോകകപ്പ് ശ്രീലങ്ക വിറ്റു എന്ന് ഞാൻ പറയുന്നു. ഇത് കായിക മന്ത്രിയായിരുന്നപ്പോൾ തന്നെ പറഞ്ഞ കാര്യമാണ്.”ആലുത്ഗാമെ പ്രാദേശിക ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഈ പരാമർശത്തിലാണ് സിൽവയുടെ പ്രതികരണം.

ജനങ്ങളോട് എപ്പോഴും നുണ പറഞ്ഞ് രക്ഷപ്പെടാൻ അധികാരികൾക്ക് കഴിയില്ലെന്നും,​ അതിനാൽ ഇതേ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ഐ.സി.സിയോടും, ബി.സി.സി.ഐയോടും, എസ്‌.എൽ‌.സിയോടും അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. കഠിന പ്രയത്നം കൊണ്ട് കന്നി ലോകകപ്പ് നേടിയ സച്ചിൻ ടെണ്ടുൽക്കറിനെപ്പോലുള്ള ഇതിഹാസങ്ങങ്ങളുടെ വിജയത്തിൽ ബഹുമാനമുണ്ടെന്നും ഡിസിൽവ പറഞ്ഞു.

''2011ലെ ലോകകപ്പ് വിജയം ഞങ്ങൾ വിലമതിക്കുന്നത് പോലെ, സച്ചിനെ പോലുള്ള കളിക്കാർ അവരുടെ ജീവിതകാലം മുഴുവൻ ഈ അതുല്യ നിമിഷങ്ങളെ വിലമതിക്കുന്നു. സച്ചിന്റെയും ഇന്ത്യയിലെ ദശലക്ഷം വരുന്ന ക്രിക്കറ്റ് ആരാധകരുടെയും താൽപ്പര്യത്തിൽ, അവർ ഒരു നിശ്ചിത ലോകകപ്പ് നേടിയിട്ടുണ്ടോ എന്നറിയാൻ നിഷ്പക്ഷമായ അന്വേഷണം ആരംഭിക്കേണ്ടത് ഇന്ത്യൻ സർക്കാരിന്റെയും ക്രിക്കറ്റ് ബോർഡിന്റെയും കടമയാണ്.”-അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരത്തിലുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ, സെലക്ടർമാരും കളിക്കാരും ടീം മാനേജുമെന്റും ഉൾപ്പെടെ ലോകകിരീട ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും ഇത് ബാധിക്കുന്നു. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ജനങ്ങൾക്കായി ഈ ആരോപണത്തിന്രെ സത്യാവസ്ഥ തെളിയിക്കണം എന്നും അദ്ദേഹം പറഞ്ഞു.

2011ലെ ലോകകപ്പിൽ ക്യാപ്റ്റനായിരുന്ന മുൻ ശ്രീലങ്കൻ താരങ്ങളായ കുമാർ സംഗക്കാരയും മഹേള ജയവർദനെയും ഈ അവകാശവാദങ്ങൾ നിഷേധിച്ചിരുന്നു. 2011ലെ ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ശേഷം ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാര ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്നു. മഹേള ജയവർധന തകർപ്പൻ സെഞ്ച്വറിയും നേടി. 275 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ഗൗതം ഗംഭീറിന്റെയും (97) ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെയും (91) മിന്നുന്ന പ്രകടനത്തോടെ ഇന്ത്യ ആറ് വിക്കറ്റ് വിജയം നേടിയിരുന്നു. 1983ലാണ് ആദ്യമായി ഇന്ത്യ ലോകകപ്പ് ചാമ്പ്യൻമാരായത്. തുടർന്നുള്ള രണ്ടാം വിജയം നേടിയത് 2011 ലോകകപ്പിലാണ്.