മുംബയ്: കൊവിഡ് പോസിറ്റീവാണെന്ന് അറിയുമ്പോൾ രോഗികൾ മുങ്ങുന്നതായി റിപ്പോർട്ട്. മുംബയിൽ ഇതുവരെ 1000 രോഗികളെയാണ് കാണാതായത്. പരിശോധനാ കേന്ദ്രത്തിൽ കൃത്യമായ വിലാസം നൽകാത്തതാണ് രോഗികളെ കണ്ടെത്താൻ കഴിയാത്തതിനു കാരണമെന്ന് മുംബയ് കോർപറേഷൻ അധികൃതർ പറയുന്നു.
ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇതുവരെയുള്ള കൊവിഡ് വ്യാപന പ്രതിരോധപ്രവർത്തനങ്ങൾ വെറുതെയാകുമെന്ന ആശങ്കയിലാണ് നഗരസഭ അധികൃതർ. കാണാതായവർ കൊവിഡ് ചികിത്സകേന്ദ്രങ്ങളിൽ ഇല്ലെന്ന് അധികൃതർ പറഞ്ഞു. ഇവരിൽ 60 ശതമാനവും ചേരിപ്രദേശങ്ങളിലെ മേൽവിലാസം നൽകിയവരാണ്.
രോഗം കണ്ടെത്തിയാൽ ഒറ്റപ്പെടുമെന്ന ഭീതിയിൽ ചിലർ തെറ്റായ വിലാസവും നമ്പറുകളും നൽകുന്നു. അന്യസംസ്ഥാന തൊഴിലാളികൾ കോൺട്രാക്ടർമാരുടെയോ മറ്റോ നമ്പറുകളാണ് നൽകുന്നത്. കാണാതായവർ നൽകിയ മൊബൈൽ നമ്പറുകൾ കൃത്യമല്ല. ഇതുസംബന്ധിച്ച് അധികൃതർ നഗരസഭ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. 1,32,075 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,870 പുതിയ രോഗികള്‍ക്കാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 101 പേര് മരണപ്പെടുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്രയില്‍ മരണം 6,085 ആയി ഉയര്‍ന്നു.