cardamom-cultivation

സുഗന്ധവ്യഞ്ജനത്തിൽ ഒരു പടി മുന്നിൽ നിൽക്കുന്ന ഒന്നാണ് ഏലം. സുഗന്ധവ്യഞ്ജനം എന്നതിന് പുറമെ വളരെ നല്ലൊരു ഔഷധം കൂടിയാണ് ഏലം. അതിനാൽ തന്നെ ഏലത്തിലൂടെ നല്ലൊരു വരുമാനം നേടിയെടുക്കാൻ സാധിക്കുന്നു.എന്നാലും ഏലം കൃഷി ചെയ്യുമ്പോൾ കൃത്യമായ പരിചരണം ആവശ്യമാണ്. എത്രത്തോളം ശ്രദ്ധ നൽകി ഏലത്തെ പരിചരിക്കുന്നുവോ അത്രത്തോളം ഫലപ്രധമായ രീതിയിൽ നമുക്ക് ഫലവും കിട്ടുന്നു.

ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ട് ദിവസത്തിൽ ഒരിക്കൽ മാത്രം ഏലത്തെ പരിചരിച്ചാൽ മതി എന്ന് കരുതുന്നവർക്ക് ഏലം ഒരിക്കലും വിചാരിച്ച അത്രയും ഗുണകരമാകില്ല അതിനാൽ, എല്ലാ ദിവസവും തോട്ടത്തിലെത്തി പരിചരണം നടത്തണാൻ ശ്രമിക്കേണ്ടതാണ്.

തണലും ഈർപ്പവുമുള്ള കാലാവസ്ഥയുള്ള പ്രദേശങ്ങളാണ് ഏലം കൃഷിക്ക് വളരെ ഉത്തമം.

കൃഷിക്ക് തൈകൾ തിരഞ്ഞെടുക്കുമ്പോൾ മികച്ച വിളവ് തരുന്ന ഇനങ്ങൾ വേണം തിരഞ്ഞെടുക്കേണ്ടത്. മലാബാർ, മൈസൂർ, വഴുക്ക എന്നിങ്ങനെ മൂന്നിനങ്ങളാണ് സാധാരണയയി കേരളത്തിൽ കൃഷി ചെയ്യുന്നത്. കൃഷി സ്ഥലത്തിലെ തണൽ കൂടുന്നതും കുറയുന്നതും ഏലത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. അതിനാൽ തണൽ ആവശ്യത്തിന് മാത്രം നൽകുന്നതാണ് നല്ലത്. മണ്ണിളക്കി ഒരുക്കിയ തോട്ടങ്ങളിൽ മഴയ്ക്ക് മുമ്പായി 90 സെന്റി മീറ്റർ നീളത്തിലും 90 സെന്റി മീറ്റർ വീതിയിലും 45 സെന്റി മീറ്റർ ആഴത്തിലും കുഴികളെടുത്ത് വേണം തൈകൾ നടാൻ. കുഴിയിൽ നിന്ന് എടുത്ത മേൽമണ്ണിന്റെ ഒരു ഭാഗത്ത് ബാക്കി ജൈവവളങ്ങളും നന്നായി കൂട്ടി കലർത്തിയ മണ്ണും ചേർത്ത് തൈകൾ നടാവുന്നതാണ്.

മഴ കുറഞ്ഞ സ്ഥലങ്ങളിൽ 65 സെന്റി മീറ്റർ വീതിയിലും 30 സെന്റി മീറ്റർ താഴ്ചയിലും ചാലുകൾ നിർമ്മിച്ച് 2 മീറ്റർ അകലത്തിൽ വേണം തൈകൾ നടാൻ. കൃത്യമായ വെള്ളമാണ് ഏലം കൃഷിക്ക് അത്യാവശ്യമായ ഒന്നാണ്. വേനൽക്കാലത്ത് കൃത്യമായ വളം നൽകിയാൽ ഏലത്തിൽ നിന്ന് കൂടുതൽ വിളവ് ലഭിക്കും. ഏലം ചെടികളുടെ സംരക്ഷണത്തിനായി ഉണങ്ങിയ ഇലകൾ, ഉണങ്ങിയ വേരുകൾ എന്നിവ കൃത്യസമയത്ത് തന്നെ നീക്കം ചെയ്യണം.

വളപ്രയോഗം ഏലത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. മണ്ണ് പരിശോധന നടത്തിയ ശേഷം മാത്രമേ രാസവളം നൽകാവു. ഏലത്തിന് എറ്റവും മികച്ച വളം ജൈവ വളമാണ്. ചെടിക്ക് 2 കിലോ വേപ്പിന്‍ പിണ്ണാക്കോ കോഴിക്കാഷ്ടമോ കാലി വളമോ നൽകാവുന്നതാണ്. കൂടാതെ യൂറിയ, പൊട്ടാഷ് എന്നിവയും നൽകാം. ഏലത്തെ ബാധിക്കുന്ന പ്രധന കീടങ്ങളാണ് ഏലപ്പേൻ, കായ്തുരപ്പൻ, വെള്ളീച്ച, കമ്പിളി പുഴുക്കൾ. ഇവ പ്രധാനമായും കായ്കൾ, ഇല, തണ്ട് എന്നിവയെയാണ് ആക്രമിക്കുന്നത്.

ഏലത്തിന്റെ വിളവെടുപ്പ് വർഷത്തിൽ രണ്ട് തവണ നടത്താം. പാകത്തിന് വിളഞ്ഞതും അധികം പഴുക്കാത്തതുമായ ഏലക്കായ്കളാണ് വിളവ് എടുക്കേണ്ടത്.