1. കോട്ടയം അയര്‍ക്കുന്നത്ത് കാണാതായ വൈദികന്‍ മരിച്ച നിലയില്‍. പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് എട്ടുപറയിലിന്റെ മൃതദേഹമാണ് പള്ളിവളപ്പിലെ കിണറ്റില്‍ കണ്ടെത്തയിത്. ഇന്നലെയാണ് ഇദ്ദേഹത്തെ കാണാതായത്. ഇന്നലെ തന്നെ പൊലീസും നാട്ടുകാരും വൈദികനെ അന്വേഷിച്ച് ഇറങ്ങിയെങ്കിലും കണ്ടെത്താന്‍ ആയിരുന്നില്ല. സംഭവത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലും, മുറി തുറന്നിട്ട നിലയിലും ആയിരുന്നു. പള്ളിവളപ്പിലെ സി.സി.ടി.വിയും ഓഫാക്കിയ നിലയിലാണ്. പള്ളിയില്‍ സമീപകാലത്ത് തീപിടുത്തം ഉണ്ടായി ചില രേഖകള്‍ കത്തി നശിച്ചിരുന്നു. ഇതേ തുടര്‍ന്ന് അച്ഛന്‍ മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നു എന്നാണ് സൂചന. ചങ്ങനാശ്ശേരി രൂപതയുടെ കീഴിലുള്ള പള്ളിയില്‍ ആറ് മാസം മുമ്പാണ് ഫാദര്‍ ജോര്‍ജ്ജ് എട്ടുപറയല്‍ ചുമതല ഏറ്റെടുത്തത്.
2. ജമ്മു കശ്മീരിലെ രജൗരിയില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. പാക് ഷെല്ലാക്രമണത്തില്‍ ആണ് സൈനികന്‍ വീരമൃത്യു വരിച്ചത്. അതിര്‍ത്തിയില്‍ പൂഞ്ചിലെ കൃഷ്ണ ഘാട്ടി സെക്ടറിലും രജൗറിരിയിലെ നൗഷാര സെക്ടറിലുമാണ് പാക് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ ആണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം തുടങ്ങിയതെന്ന് സൈനിക വക്താവ് പറഞ്ഞു. ഈ മാസം ഈ പ്രദേശത്ത് നാല് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഒരു വര്‍ഷത്തിനുള്ളില്‍ 2027 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
3. ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. സര്‍വകക്ഷി യോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയ കുഴപ്പത്തിന്റെ പശ്ചാത്തലത്തില്‍ ആണ് മന്‍മോഹന്‍ സിങ്ങിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എപ്പോഴും രാജ്യതാല്പര്യം മുന്നില്‍വേണം. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് നയതന്ത്രത്തിന് പകരം ആകില്ല. ചൈനയുടെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങരുത്. നിലവിലെ പ്രതിസന്ധി വലുതാക്കരുത് എന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
4. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച കേണല്‍ ബി.സന്തോഷ് ബാബുവിനും മറ്റു ജവാന്മാര്‍ക്കും നീതി ഉറപ്പാക്കുന്നതിന് വേണ്ടി സാഹചര്യത്തിന് അനുസരിച്ച് പ്രധാനമന്ത്രിയും സര്‍ക്കാരും ഉയര്‍ന്ന് പ്രവര്‍ത്തിക്കണം. പ്രധാനമന്ത്രിയുടെ വാക്കുകള്‍ എടുത്ത് ചൈനയെ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ അനുവദിക്കരുത്. അതിര്‍ത്തിയില്‍ വിട്ടുവീഴ്ച ഉണ്ടാകരുത്. സര്‍ക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളും ഈ വിഷയം ഒരേ രീതിയില്‍ കൈകാര്യം ചെയ്യണം. പലരീതിയില്‍ സംസാരിക്കുന്നത് രാജ്യതാല്പര്യത്തിന് ചേര്‍ന്നതല്ല എന്നും മന്‍മോഹന്‍സിങ് മുന്നറിയിപ്പ് നല്‍കി.
5. ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ജമ്മു കശ്മീരില്‍ നിന്ന് ട്രക്കില്‍ നാല് മുതല്‍ ഏഴ് ഭീകരര്‍ വരെ ഡല്‍ഹിയില്‍ ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ടിട്ട് ഉണ്ടെന്നാണ് വിവരം. ഭീകരര്‍ ട്രക്കില്‍ തന്നെ ഡല്‍ഹിയില്‍ എത്തണം എന്നില്ലെന്നും വഴിയില്‍ വച്ച് വാഹനം മാറാമെന്നും രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഭീകര സംഘത്തിലെ രണ്ടോ മൂന്നോ പേര്‍ തലസ്ഥാനത്തേക്ക് എത്തിയിരിക്കാമെന്നും വിവരമുണ്ട്.
6. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വാഹന പരിശോധന കര്‍ശനമാക്കി. എല്ലാ മന്ത്രാലയങ്ങള്‍ക്കും ഗസ്റ്റ് ഹൗസുകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഗസ്റ്റ് ഹൗസുകളില്‍ ഭീകരര്‍ താമസിച്ചേക്കാം എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യാ ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളായി ഡല്‍ഹിയില്‍ ഉന്നത തല ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിന് പുറമെ ശക്തമായ മഴയും നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ആക്രമണത്തിന് വലിയ അവസരമായാണ് ഭീകരര്‍ ഇപ്പോള്‍ കാണുന്നത്.
7. കേരളത്തില്‍ നിന്ന് അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്നവരില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. സംസ്ഥാനത്ത് നിന്ന് തമിഴ്നാട്ടിലേയ്ക്ക് പോയവരില്‍ ഇന്നലെ ഒറ്റ ദിവസം പതിനാറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു മാസത്തിന് ഉള്ളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 66 ആയി ഉയര്‍ന്നു. തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിദിന കൊവിഡ് കണക്കില്‍ ആണ് ഇതി രേഖപ്പെടുത്തിയിട്ട് ഉള്ളത്. റോഡ് മാര്‍ഗമോ റയില്‍ മാര്‍ഗമോ എത്തിയവരില്‍ ആണ് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം കൂടിയതോടെ പുറത്തു നിന്നെത്തുന്ന മുഴുവന്‍ പേരേയും തമിഴ്നാട് കൊവിഡ് പരിശോധനയ്ക്ക് വിധേയം ആക്കുന്നുണ്ട്. കര്‍ണാടകത്തിലേയ്ക്ക് പോയ 20ല്‍ ഏറെ പേര്‍ക്കും കൊവിഡ് കണ്ടെത്തി. തിരികെ ചെന്ന ഉടന്‍ നടത്തിയ പരിശോധനയില്‍ ആണ് രോഗബാധ സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത രോഗബാധ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നതിന് ഒപ്പം ആശങ്ക പരത്തുന്നതാണ് തിരികെ പോകുന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.
8. സംസ്ഥാന കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. തൃശൂരിലെ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഈ മാസം 15ന് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ മന്ത്രി വിളിച്ച കൊവിഡ് അവലോകന യോഗത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയും പങ്കെടുത്ത് ഇരുന്നു. താന്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ക്വാറന്റീനില്‍ ആണെന്നും തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ക്വാറന്റീനില്‍ പ്രവേശിച്ചെന്നും മന്ത്രി അറിയിച്ചു. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കും എന്നും മന്ത്രി പറഞ്ഞു.