ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ എട്ട് ശതമാനം വർദ്ധിച്ച് 4,25,282 പേരായി ആകെ കൊവിഡ് രോഗ ബാധിതർ. മരണനിരക്കോ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 6 ശതമാനം വർദ്ധിച്ച് 13,699 ആയി. രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും നിരക്ക് കഴിഞ്ഞ 48 മണിക്കൂറിൽ കുത്തനെ ഉയരുന്നതല്ലാതെ താഴുന്നതേയില്ല. കഴിഞ്ഞ 15 ദിവസത്തിനിടെ മരണനിരക്ക് ഇരട്ടിച്ചു. പതിനെട്ട് ദിവസം മുൻപുളളതിനെക്കാൾ ഇരട്ടിയാണ് ഇപ്പോൾ രോഗം ബാധിക്കുന്നവരുടെ നിരക്ക്. ഇങ്ങനെ പോയാൽ രാജ്യത്ത് ഈയാഴ്ച അവസാനം രോഗബാധിതർ അഞ്ച് ലക്ഷമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇന്ത്യയിലെ വിഷമിക്കുന്ന വൈദ്യശാസ്ത്ര വിഭാഗത്തിന്റെ ശേഷിക്കും മുഴുവൻ ആരോഗ്യ രംഗത്തിനും ഇത് വലിയ പ്രയാസം ഇനിയും സൃഷ്‌ടിക്കും.
കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ ഇന്ത്യയിലെ മരണനിരക്കും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും രോഗം ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളെക്കാൾ വേഗം ഉയരുകയാണ്. അയ്യായിരത്തിലേറെ ജനങ്ങൾ മരിച്ച രാജ്യങ്ങളിൽ ഇന്ത്യയിലാണ് നിലവിൽ കൂടുതൽ പുതിയ രോഗികളെയും മരണവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
രാജ്യത്തെ കൊവിഡ്-19 മരണനിരക്ക് രേഖപ്പെടുത്തിയതിൽ 83 ശതമാനവും മഹാരാഷ്ട്ര (6170), ഡൽഹി (2175), ഗുജറാത്ത് (1663),തമിഴ്‌നാട് (757), പശ്ചിമബംഗാൾ (555) എന്നീ സംസ്ഥാനങ്ങളിലാണ്. ഹരിയാന, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് മരണം കുതിച്ചുയർന്നു. മരണനിരക്ക് കൂടിയ സംസ്ഥാനം ഗുജറാത്ത് ആണ് 6.1 ശതമാനം . രണ്ടാമത് 4.7 ശതമാനവുമായി മഹാരാഷ്ട്ര, മൂന്നാമത് മധ്യപ്രദേശ് ആണ് 4.3%. ഏറ്റവും കുറവ് മരണനിരക്ക് ത്രിപുര 0.01 ശതമാനം, ലഡാക്ക് 0.01, ആസാം 0.02% ആണ്. രാജ്യത്തെ ആകെ മരണനിരക്ക് 3.2 ശതമാനമാണ്. എന്നാൽ രോഗനിർണയവും ടെസ്‌റ്റിംഗും കൊവിഡ് പരിശോധനാ പ്രോട്ടോകോളും ഓരോയിടത്തും വ്യത്യസ്തമായതിനാൽ കൊവിഡ് മരണനിരക്ക് രേഖപ്പെടുത്തുന്നതിലും വ്യത്യാസമുണ്ട്.
രോഗം ഭേദമായവരെയും മരണപ്പെട്ടവരെയും ഒഴിവാക്കിയാൽ 60,161 പേർ രോഗം ബാധിച്ച് ചികിത്സയിലുളള മഹാരാഷ്ട്രയാണ് രോഗബാധിതരിൽ ഒന്നാമത്. 25,866 കേസുകളുളള തമിഴ്നാടാണ് രണ്ടാമത്. ഡൽഹിയിൽ 24,588 പേർ. ഗുജറാത്തിൽ 6248 പേരും ഉത്തർപ്രദേശിൽ 6186 പേരും ചികിത്സയിലുണ്ട്. ഈ അഞ്ച് സംസ്ഥാനങ്ങളും ചേർന്നാൽ ഇന്ത്യയിൽ 71 ശതമാനം രോഗികളും ഇവിടെ നിന്നാണ് എന്ന് കാണാം. ആദ്യ പത്ത് സംസ്ഥാനങ്ങളെ നോക്കിയാൽ 83 ശതമാനവും. 2,37,196 പേർക്ക് രാജ്യത്ത് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 56 ശതമാനം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൂടുതൽ ആക്ടീവ് കേസുകളുളള സംസ്ഥാനങ്ങൾ ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്നാട് ഇവയാണ്.
രാജ്യത്തെ രോഗവ്യാപനമുളള ജില്ലകൾ നോക്കിയാൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 42 ശതമാനം രോഗം വർദ്ധിച്ചവ ചെന്നൈ, താനെ,മുംബയ്, പൂനെ, ഹൈദരാബാദ് എന്നിവയാണ്. 388 ജില്ലകളിൽ രാജ്യത്ത് കൊവിഡ് മരണമുണ്ടായി. ഏറ്റവും കൂടുതൽ മുംബയാണ് 3602 പേർ. രണ്ടാമത് ഗുജറാത്തിലെ അഹമ്മദാബാദ് 1330 പേരാണ് ഇവിടെ മരിച്ചത്. മഹാരാഷ്ട്രയിലെ താനെയും പൂനെയുമാണ് മൂന്നാമതും നാലാമതും. 704,629 എന്നിങ്ങനെയാണ് ഇവിടുത്തെ മരണനിരക്ക്. അഞ്ചാമത് ചെന്നൈ ആണ് 602 പേർ. രാജ്യത്ത് മരിച്ചവരിൽ 61 ശതമാനവും ഈ അഞ്ച് ജില്ലകളിൽ നിന്നുള്ളവരാണ്. ആദ്യ പത്ത് സ്ഥാനത്തുളള ജില്ലകൾ എടുത്താൽ 71 ശതമാനമാകും ഇത്.
ഐ.സി.എം.ആറിന്റെ കണക്കനുസരിച്ച് 1,43,267 പേർക്ക് ഞായറാഴ്ച പരിശോധന നടത്തി. ഇതുവരെ 69 ലക്ഷം പേരിൽ പരിശോധന നടത്തി. ലോകമാകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 90 ലക്ഷത്തോട് അടുക്കുകയാണ്. മരണമടഞ്ഞവരുടെ എണ്ണം 5 ലക്ഷത്തോട് അടുക്കുന്നു. 49 ശതമാനമാണ് ലോകമാകെ രോഗമുക്തി നിരക്ക്.