കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നലെ എക്കാലത്തെയും ഉയരത്തിലെത്തി. 160 രൂപ ഉയർന്ന് വില പവന് വില 35,680 രൂപയായി. 20 രൂപ വർദ്ധിച്ച് 4,460 രൂപയാണ് ഗ്രാം വില. ഈമാസം ആറിന് പവന് 34,160 രൂപയും ഗ്രാമിന് 4,270 രൂപയുമായിരുന്നു വില. അന്നുമുതൽ ഇതുവരെ പവന് കൂടിയത് 1,520 രൂപ; ഗ്രാമിന് 190 രൂപയും.
രാജ്യാന്തര വിപണിയിൽ ഈമാസം 12ന് ഔൺസിന് 1,677 ഡോളറായിരുന്ന വില ഇന്നലെയുള്ളത് 1,750 ഡോളറിലാണ്. ഈ മുന്നേറ്റമാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. രാഷ്‌ട്രീയ, സാമ്പത്തിക അരക്ഷിതാവസ്ഥയും യുദ്ധഭീതിയും ഉണ്ടാകുമ്പോൾ നിക്ഷേപകർ ഓഹരി, കടപ്പത്ര വിപണികളെ കൈവിട്ട് സ്വർണത്തിലേക്ക് ചേക്കേറാറുണ്ട്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്‌ചാത്തലത്തിലും ഈ ട്രെൻഡ് ദൃശ്യമായി.
ലോകത്തെ ഏറ്രവും വലിയ സ്വർണ ഉപഭോഗ രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ചൈനയാണ് ഒന്നാമത്. അമേരിക്കയിൽ സമ്പദ്‌സ്ഥിതി മെച്ചപ്പെടാൻ കാലതാമസമെടുക്കുമെന്നും തൊഴിലില്ലായ്‌മ നിരക്ക് ഉയർന്നേക്കാമെന്നുമുള്ള കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ അഭിപ്രായവും സ്വർണത്തിന് നല്ല ഡിമാൻഡുണ്ടാക്കി.
പൊന്നുവില
പവൻ : ₹35,680 (+160)
ഗ്രാം : ₹4,460 (+20)
₹6,680
ഈവർഷം ഇതുവരെ പവന് വർദ്ധിച്ചത് 6,680 രൂപ. ഗ്രാമിന് 835 രൂപ.
വേണം
₹40,000
ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇപ്പോൾ കേരളത്തിൽ കുറഞ്ഞത് 40,000 രൂപ നൽകണം. മൂന്നു ശതമാനം ജി.എസ്.ടി, 0.25 ശതമാനം പ്രളയ സെസ്, മിനിമം 5 ശതമാനം പണിക്കൂലി എന്നിവ ഉൾപ്പെടുന്ന തുകയാണിത്.