ആദിലാബാദ്: തെലങ്കാനയിൽ വെട്ടുകിളി ആക്രമണത്തിന് സാദ്ധ്യതയെന്ന് റിപ്പോർട്ടുകൾ. ജൂൺ 27നും ജൂലായ് 15നും മദ്ധ്യേ കാർഷിക മേഖലയിൽ വെട്ടുകിളി ആക്രമണമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വെട്ടുകിളി ആക്രമണത്തെ ഭയന്ന് ആശങ്കയിലാണ് കർഷകർ. വെട്ടുകിളിയുടെ ആക്രമണം കാർഷിക വിളകളെ പ്രതികൂലമായി ബാധിക്കുമെന്നും കർഷകർക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്നതിൽ സംസ്ഥാന സർക്കാർ ഭയപ്പെടുന്നു.
വാണിജ്യ വിളകളായ പരുത്തി, സോയ, നെല്ല്, തുടങ്ങിയ വിളകളെ സർക്കാർ നിയന്ത്രിത കാർഷിക സംരംഭത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനാലാണിത്. വെട്ടുക്കിളി ഭീഷണി നേരിടാൻ ആദിലാബാദ് ജില്ലാ ഭരണകൂടം വ്യത്യസ്ഥ രീതികൾ പരീക്ഷിക്കുന്നുണ്ട്. വരാനിരിക്കുന്ന അപകടത്തെ ഗൗരവമായി എടുത്ത് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ജില്ലകളുടെ അധികാരികളെ സർക്കാർ അറിയിച്ചിട്ടുണ്ട്.
ജൂൺ 27 ഓടു കൂടി മഹാരാഷ്ട്രയിൽ നിന്നും എത്തുന്ന വെട്ടുക്കിളികൾ കാർഷിക വിളകളെ ആക്രമിക്കുമോയെന്ന്
ഭയപ്പെടുന്നതായി വനം-പരിസ്ഥിതി മന്ത്രി ഇന്ദ്രകാരൻ ആശഹ്ക പ്രകടിപ്പിച്ചു. ആദിലാബാദ്, കരിംനഗർ, നിസാമാബാദ്, വാറങ്കൽ, ഖമ്മം ജില്ലകളിൽ സ്ഥിതിഗതികൾ വിലയിരുത്തി പരിഹാരം കാണാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാറ്റിന്റെ ദിശയിലൂടെ നീങ്ങുന്ന വെട്ടുകിളി കൂട്ടങ്ങൾ പായുന്ന ദിക്കുകൾ, ഉദ്യോഗസ്ഥർ പതിവായി നിരീക്ഷിച്ച് വിലയിരുത്തുകയും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇന്ദ്രകാരൻ റെഡ്ഡി പറഞ്ഞു. കുട്ടിക്കാലത്തെ ഓർമ്മകൾ അനുസ്മരിച്ചുകൊണ്ട്, വെട്ടുക്കിളി കൂട്ടങ്ങൾ തന്രെ ജന്മഗ്രാമമായ നിർമ്മലിലെ യെല്ലപ്പള്ളിയിൽ പ്രവേശിക്കുന്നതിനെക്കുറിച്ചും അവയെ അകറ്റുന്നതിനായി ഗ്രാമീണർ ഡ്രം ശബ്ദമുണ്ടാക്കുന്നതിനെ കുറിച്ചും മന്ത്രി വ്യക്തമാക്കി. ജൂൺ 25ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ഹരിത ഹാരം പദ്ധതി സമാരംഭിക്കുമെന്നും, ഇതിന് കീഴിലുള്ള നഴ്സറികളിൽ തൈകൾ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.