മുഖത്തെ വളരെ ശ്രദ്ധയോട് കൂടിയാണ് നമ്മൾ സംരക്ഷിക്കുന്നത്. വളരെ സുന്ദരിയായി ഇരിക്കുന്നു എന്ന് കേൾക്കാനാണ് മിക്ക സ്ത്രീകളും ആഗ്രഹിക്കുന്നത്. എന്നാലും പുറത്ത് ഇറങ്ങാൻ മടിക്കുന്നവരാണ് നമ്മളിൽ പലരും. അതിന് കാരണവുമുണ്ട്. കണ്ണാടിയിൽ നോക്കി വളരെ സുന്ദരിയായി ഒരുങ്ങി പുറത്ത് പോയി, മടങ്ങി വന്ന് കണ്ണാടി നോക്കിയാൽ പലർക്കും വിഷമം വരും. കാരണം രാവിലെ പുറത്ത് പോകാനായി ഒരുങ്ങി ഇറങ്ങിയപ്പോൾ കണ്ണാടിയിൽ കണ്ട മുഖത്തിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും അപ്പോഴുള്ള മുഖത്തിന്റെ അവസ്ഥ. സൂര്യതാപം ധാരാളമായി ഏറ്റ് ആകെ കറുത്ത് കരിവാളിച്ചിരിക്കുകയായിരിക്കും. ഇതിന് ഒരു പരിഹാരം എന്ന രീതിയിലാണ് പലരും സൺസ്ക്രീനിനെ ആശ്രയിക്കുന്നത്. എന്നാലും പലരിലെയും അവസ്ഥ മുമ്പത്തെ പോലെ തന്നെയായിരിക്കും.ഇങ്ങനെ സംഭവിക്കുന്നതിന്റെ പ്രധാന കാരണം സൺസ്ക്രീൻ ശരിയായ രീതിയിൽ പ്രയോഗിക്കാൻ അറിയില്ലാ എന്നതാണ്. എന്നാൈൽ അതിന് പഴിക്കുന്നതോ സൺസ്ക്രീനിനെയും.
സൺസ്ക്രീനിന്റെ ഗുണങ്ങളെപ്പറ്റി പലരും പറഞ്ഞ് നമുക്ക് അറിവുണ്ടാകും എന്നാൽ ഇതിന്റെ കൃത്യമായ ഉപയോഗ രീതിയെ പറ്റി അധികം കേട്ട് കേൾവിയില്ല. ശരിയായ രീതിയിൽ എങ്ങനെയാണ് സൺസ്ക്രീൻ ഉപയോഗിക്കേണ്ടതെന്ന് നോക്കാം.
സൂര്യപ്രകാശത്തിന് മുമ്പ് ചർമ്മത്തിൽ ആഗിരണം ചെയ്യാൻ സൺസ്‌ക്രീനിന് കുറഞ്ഞത് 20 മുതൽ 30 മിനിറ്റ് വരെ സമയം ആവശ്യമാണ്. സൺ പ്രൊട്ടക്ഷൻ ഫാക്ടറാണ് (എസ്.പി.എഫ്) സൺസ്‌ക്രീനുകളുടെ ഗുണനിലവാരം അറിയാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകം. അതിനാൽ ഉയർന്ന എസ്.പി.എഫ് അടങ്ങിയ സൺസ്‌ക്രീനുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. എസ്.പി.എഫ് 50 അടങ്ങിയിട്ടുള്ള സൺസ്ക്രീൻ വാങ്ങാനായി ശ്രദ്ധിക്കുക.
സൺസ്‌ക്രീൻ ബോട്ടിൽ ഉപയോഗിക്കുന്നതിന് മുമ്പ് കുപ്പി നന്നായി കുലുക്കുക. ഇത് എല്ലാ കണികകളെയും യോജിപ്പിച്ച് കലർത്തി ബോട്ടിലിൽ തുല്യമായി നിർത്തുന്നു. ശരീരം മുഴുവനും ഉപയോഗിക്കാൻ ഏകദേശം 35 മില്ലിലിറ്റർ സൺസ്‌ക്രീൻ ഉപയോഗിക്കുക. സൂര്യപ്രകാശം തട്ടുന്ന ചർമ്മ ഭാഗത്തെല്ലാം സൺസ്‌ക്രീൻ പ്രയോഗിക്കുക. പുറം, ചെവി, കാൽ മുട്ടിന് പിന്നിൽ, കാലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇത് ഇടണം.
30 മിനിറ്റ് സൂര്യപ്രകാശത്തിൽ നിൽക്കുന്നുണ്ടെങ്കിൽ കൂടുതൽ സൺസ്‌ക്രീൻ വീണ്ടും പ്രയോഗിക്കണം. വിയർക്കുകയാണെങ്കിൽ സൺസ്‌ക്രീൻ കുറഞ്ഞത് രണ്ടു മണിക്കൂർ ഇടവിട്ടെങ്കിലും പ്രയോഗിക്കുക. എങ്കിൽ പോലും സൂര്യപ്രകാശം ചർമ്മത്തെ ബാധിച്ചേക്കാം. അതിനാൽ അമിത വെയിലിൽ നിന്ന് രക്ഷ നേടാൻ ഒരു കുട ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.
സൂര്യപ്രകാശം അമിതമായി ഏൽക്കുന്ന 10നും 4നും ഇടയിലുള്ള സമയങ്ങളിൽ കഴിയുന്ന അത്ര സൂര്യപ്രകാശം കൊള്ളാതിരിക്കുക. സാധാരണയിലും കൂടുതലായി സൺസ്‌ക്രീൻ പ്രയോഗിക്കുന്നതിൽ പ്രശ്നമില്ല. സൺസ്‌ക്രീൻ ഉപയോഗിക്കുന്നതിലൂടെ സൂര്യതാപത്തിൽ നിന്ന് പൂർണമായും മുക്തമായി എന്നതിൽ അർത്ഥമില്ല. സൂര്യതാപം കഴിയുന്ന അത്രയും ചർമ്മത്തിൽ ഏൽക്കാതിരിക്കാൻ ശ്രമിക്കുക.