rajinder-goel

കഴിഞ്ഞ ദിവസം അന്തരിച്ച രഞ്ജി ട്രോഫിയിലെ റെക്കാഡ് വിക്കറ്റ് വേട്ടക്കാരൻ രജീന്ദർ ഗോയലിനെക്കുറിച്ച്

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്രിലെ ഇതിഹാസമായിരുന്നു ഇടംകയ്യൻ സ്പിന്നർ രജീന്ദർ ഗോയൽ. രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ അദ്ദേഹത്തിന്റെ കരിയറിനെ അതിലേറെ അത്ഭുതകരമാക്കുന്നത് ഒരിക്കൽപ്പോലും ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ്.ബിഷൻ സിംഗ് ബേദിയുടെ സമകാലികനായിപ്പോയതാണ് അർഹതയുണ്ടായിട്ടും ഗോയലിനെത്തേടി ദേശീയ ജേഴ്സി എത്താതിരുന്നതിന് പ്രധാന കാരണം.

77 വയസായിരുന്ന ഗോയൽ വാർദ്ധക്യ സഹജമായ അസുഖങ്ങളെ ത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കൊൽക്കത്തയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. 2017ൽ ബി.സി.സി.ഐ സി.കെ.നായിഡു ലൈഫ്ടൈം അവാർഡ് നൽകി ആദരിച്ചിരുന്നു. ഗോയലിന്റെ മകൻ നിഥിൻ മുൻ ഫസ്റ്റ് ക്ളാസ് ക്രിക്കറ്ററും മാച്ച് റഫറിയുമാണ്.

637 വിക്കറ്രുകളാണ് തന്റെ ഇടംകൈയൻ സ്‌പിന്നുകൊണ്ട് ഗോയൽ രഞ്ജി ട്രോഫി ക്രിക്കറ്രിൽ നിന്ന് സ്വന്തമാക്കിയത്. ഹരിയാന, പഞ്ചാബ്. ഡൽഹി ടീമുകൾക്കുവേണ്ടി തിളങ്ങിയ അദ്ദേഹം 157 ഫസ്റ്റ്ക്ളാസ് മത്സരങ്ങളിൽ നിന്ന് ആകെ 750 വിക്കറ്രുകൾ സ്വന്തമാക്കിയിട്ടുണ്ട്. 17 തവണ 10 വിക്കറ്റ് നേട്ടം കൊയ്തു. 53 തവണ അഞ്ചു വിക്കറ്റ് നേട്ടത്തിനും അവകാശിയായിട്ടുണ്ട്. തന്റെ 44-ാം വയസുവരെ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ തുടർന്നു. 26 രഞ്ജി സീസണുകളിലാണ് കളിച്ചത്.

1957ൽ ആൾ ഇന്ത്യ സ്‌കൂൾ ടൂർണമെന്റിൽ വെസ്റ്റ് സോണിനെതിരായ ഫൈനലിൽ നോർത്ത് സോണിനു വേണ്ടി നാലു വിക്കറ്റെടുത്തതോടെയാണ് ഗോയൽ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. സച്ചിൻ ടെൻഡുൽക്കർ, രവി ശാസ്ത്രി, വിരാട് കൊഹ്‌ലി തുടങ്ങിയ പ്രമുഖർ സോഷ്യൽ മീഡിയയിലൂടെ അന്ത്യാഞ്ജലി അർപ്പിച്ചു.

ഞാൻ കണ്ട ഏറ്റവും സംതൃപ്തരായ മനുഷ്യരിൽ ഒരാളായിരുന്നു ഗോയൽ. ഇന്ത്യൻ ടീമിലെത്താൻ കഴിയാതിരുന്നതിന്റെ അലോസരം ഒരിക്കലും പ്രകടിപ്പിച്ചിട്ടേയില്ല. രഞ്ജിയിലെ നേട്ടങ്ങളിൽ അദ്ദേഹം അത്രമേൽ സംതൃപ്തനായിരുന്നു. അതിൽ എനിക്ക് പലപ്പോഴും അസൂയയും തോന്നിയിട്ടുണ്ട്.

- ബിഷൻ സിംഗ് ബേദി