chandrasekharan


തിരുവനന്തപുരം : തനിക്കുമുന്നിൽ കൊട്ടിയടയ്ക്കപ്പെട്ട ഓർമ്മയുടെ വാതിലിനുമുന്നിൽ നിസഹായനാവുകയാണ് കേരളത്തിലെ ഏറ്റവും പ്രായമുള്ള ഒളിമ്പ്യൻ ഒ.ചന്ദ്രശേഖരൻ മേനോൻ. തനിക്കൊപ്പം 1960ലെ റോം ഒളിമ്പിക്സിൽ പന്തുതട്ടിയ പി.കെ. ബാനർജിയും ചുനി ഗോസ്വാമിയും മരണത്തിന്റെ ഗോൾലൈൻ കടന്ന കാര്യം സുഹൃത്തുക്കൾ പറഞ്ഞപ്പോൾ ഒന്നും മനസിലാകാത്തപോലെ അദ്ദേഹമിരുന്നു. കളിച്ചുനേടിയ മെഡലുകൾ പണ്ടൊരിക്കൽ കള്ളൻ കവർന്നതുപോലെ ആ ഓർമ്മകളെ രോഗം കവർന്നെടുത്തിരിക്കുന്നു.

കൊച്ചി എസ്.ആർ.എം റോഡിലെ വീട്ടിൽ ഭാര്യ വിമലയ്ക്കൊപ്പം വിശ്രമജീവിതം നയിക്കുന്ന ചന്ദ്രശേഖര മേനോൻ ഒരു കാലത്ത് ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ഉരുക്കുകോട്ടയായിരുന്നു. ഇപ്പോൾ 85 വയസുകഴിഞ്ഞെങ്കിലും ഓർമ്മക്കുറവല്ലാതെ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല.

പീറ്റർ തങ്കരാജും പി.കെ. ബാനർജിയും ചുനി ഗോസ്വാമിയും സൈമൺസുന്ദർ രാജും ജർണയിൽ സിംഗും ഒക്കെ അണിനിരന്നിരുന്ന 1960 കളിലെ ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പ്രതിരോധം ഇരിങ്ങാലക്കുടക്കാരൻ മേനോന്റെ ചുമലിലായിരുന്നു. മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ കേരള യൂണിവേഴ്സിറ്റി താരമായിരുന്നു. ബിരുദമെടുത്ത ശേഷം ഫുട്ബാൾ ഭ്രമം മൂത്ത് മുംബയ്ക്ക് വണ്ടികയറിയ മേനോൻ കാൾടെക്സിനായി പന്തുതട്ടിയാണ് ഇന്ത്യൻ ടീമിലെത്തിയത്. 1958 മുതൽ 66വരെ ഇന്ത്യൻ ടീമംഗമായിരുന്നു. റോം ഒളിമ്പിക്സിൽ മൂന്ന് മത്സരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഇതിൽ കരുത്തരായ ഫ്രാൻസിനെ 1-1ന് സമനിലയിൽ തളച്ച മത്സരത്തിലെ മേനോന്റെ പ്രതിരോധം അസാദ്ധ്യമായിരുന്നു.

ഒളിമ്പിക്സ് മാത്രമല്ല ചന്ദ്രശേഖര മേനോനെ അടയാളപ്പെടുത്തുന്നത്. 1962 ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ സ്വർണമെഡൽ,1964 എ.എഫ്.സി ഏഷ്യൻ കപ്പിലെ വെള്ളി,1959,64 വർഷങ്ങളിലെ മെർദേക്ക കപ്പ് വെള്ളിമെഡലുകൾ എന്നിവയൊക്കെ മേനോന്റെ ശേഖരത്തിലുണ്ടായിരുന്നു. സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കു വേണ്ടി കളിച്ചിരുന്ന ഇദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ അസിസ്റ്റന്റ് ജനറൽ മാനേജരായാണ് ഔദ്യോഗികവൃത്തിയിൽ നിന്ന് വിരമിച്ചത്. മൂത്തമകൻ സുനിൽ ബംഗളൂരുവിലും ഇളയ മക്കളായ സുധീറും സുമയും അമേരിക്കയിലുമാണ്.

 കള്ളൻ കൊണ്ടുപോയ മെഡലുകൾ

തിരുവനന്തപുരത്ത് എസ്.ബി.ഐയിൽ ജോലി നോക്കുമ്പോഴാണ് വാടകവീട്ടിൽ കള്ളൻ കയറിയത്. ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ സ്വർണമെഡലും ഒളിമ്പിക്സിലെ അപൂർവ ചിത്രങ്ങളും ഉൾപ്പെടെ വിലമതിക്കാനാകാത്ത പലതും ആ കള്ളൻ കൊണ്ടുപോയി.