ന്യൂഡൽഹി: രാജ്യം ചൈനക്കെതിരെ രണ്ട് യുദ്ധങ്ങൾ നടത്തുകയാണെന്നും രണ്ടിലും നാം പിന്മാറാതെ വിജയിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ട്വിറ്ററിലൂടെയായിരുന്നു കെജ്‌രിവാൾ ഇങ്ങനെ അഭിപ്രായപ്പെട്ടത്. 'നാം ചൈനക്കെതിരെ രണ്ട് യുദ്ധത്തിലാണ്. ഒന്ന് അതിർത്തിയിലും മറ്റൊന്ന് അവിടെ ഉത്ഭവിച്ച വൈറസിനെതിരെയും. നമ്മുടെ ഇരുപത് സൈനികർ പിന്തിരിഞ്ഞിട്ടില്ല. നമ്മളും പിന്തിരിയുകയില്ല. രണ്ട് യുദ്ധവും വിജയിക്കും.' കെജ്‌രിവാൾ കുറിച്ചു.
യുദ്ധ രംഗത്തുളള ഡോക്ടർമാർക്കും സൈനികർക്കും ഒപ്പം രാജ്യം മുഴുവനുംമുണ്ടെന്നും ഇതിൽ രാഷ്ട്രീയം ഇല്ലെന്നും കെജ്‌രിവാൾ പറഞ്ഞു.
രാജ്യ തലസ്ഥാനത്ത് കൊവിഡ് രോഗം ശക്തമായിരിക്കുന്ന സമയത്താണ് കെജ്‌രിവാളിന്റെ ഈ പോസ്‌റ്റ് എന്നത് ശ്രദ്ധേയമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ആലോചിച്ച് കൊവിഡ് പോരാട്ടം പുനക്രമീകരിക്കാൻ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. കണ്ടെയ്ൻമെന്റ് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുവാനും രോഗബാധ കണ്ടെത്തുവാനുള്ള കാര്യങ്ങൾ ത്വരിതപ്പെടുത്താനും സർക്കാർ തീരുമാനിച്ചു.
ഞായറാഴ്ച പുറത്തുവന്ന വിവരം അനുസരിച്ച് ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60000 അടുക്കാറായി. ഞായറാഴ്ച മാത്രം 3000 പേർക്ക് രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ച ഇത് 3630ഉം വെള്ളിയാഴ്ച 3137മായിരുന്നു. കൊവിഡ് ടെസ്‌റ്റിംഗ് മൂന്ന് മടങ്ങ് വർദ്ധിച്ചതായി കെജ്‌രിവാൾ അറിയിച്ചു. ഹോം ഐസൊലേഷനിൽ കഴിയുന്നവർക്ക് ഓക്‌സിജൻ അളവ് പരിശോധിക്കാൻ പൾസ് ഓക്‌സീമീറ്റർ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ 25000 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഡൽഹിയിലുളളത്. 33000 പേർക്ക് രോഗം ഭേദമായി.