ദുബായ്: താമസ വിസയുള്ളവർക്ക് എമിറേറ്റിലേക്ക് മടങ്ങിയെത്താം. ദുബായ് gdrfa.ae എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്കാണ് മടങ്ങാൻ അനുമതി. വിമാന സർവീസുകൾ സാധാരണ നിലയിലായ രാജ്യങ്ങളിലുള്ളവർക്കാണ് ഇപ്പോൾ മടങ്ങി വരാൻ കഴിയുക. അതുകൊണ്ട്, ദുബായിൽ തിരിച്ചെത്താൻ മലയാളികൾ ഇനിയും കാത്തിരിക്കേണ്ടിവരും.
താമസവിസയിലുള്ളവർ തിരിച്ചെത്തുമ്പോൾ പി.സി.ആർ ടെസ്റ്റ് നിർബന്ധമായും നടത്തണം. കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയാൽ 14 ദിവസത്തേക്കാണ് ക്വാറന്റീൻ. വീടുകളിൽ സ്വന്തമായി ഒരു മുറിയും ശുചിമുറിയും ഉള്ളവർക്ക് ഹോം ക്വാറന്റീൻ അനുവദിക്കും.അല്ലാത്തവർ സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളിൽ പോകണം. ഇതിനുള്ള ചെലവ് അവരവർ വഹിക്കണം. വിമാനത്താവളത്തിൽ എത്തിയാൽ കൊവിഡ്19 dxb ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണം. ജൂലായ് ഏഴ് മുതൽ വിനോദസഞ്ചാരികൾക്കും ദുബായിലെത്താൻ അനുമതി നൽകിയിട്ടുണ്ട്. പുറപ്പെടുന്നതിന് 96 മണിക്കൂർ മുമ്പെടുത്ത കൊവിഡ് പിസിആർ ടെസ്റ്റ് നെഗറ്റീവാണെന്ന റിപ്പോർട്ട് കൈവശം ഉണ്ടായിരിക്കണം.
രോഗമുക്തർ കൂടുതൽ, നേരിയ ആശ്വാസം
ഗൾഫ് രാജ്യങ്ങളിലാകമാനം ദിവസേന കൊവിഡ് ബാധിതരാകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെങ്കിലും, യുഎഇയിൽ രോഗമുക്തരുടെ എണ്ണം വർദ്ധിക്കുന്നത് ആശ്വാസമാകുന്നു. ഇന്നലെ 661 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 44,925 ആണ് രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം. മരണസംഖ്യ 302 ആയി. അതേസമയം, രോഗികളുടെ എണ്ണത്തിലും (1,57,612) മരണസംഖ്യസംഖ്യയിലും( 1267) സൗദി ഒന്നാംസ്ഥാനത്ത് തുടരുകയാണ്.