കുഞ്ഞുങ്ങളുടെ കരച്ചിൽ നിർത്താൻ അമ്മമാർ വളരെയേറെ കഷ്ടപ്പെടാറുണ്ട്. നന്നായി ആഹാരം കഴിച്ചിട്ടും കുഞ്ഞുങ്ങൾ കരയുകയാണെങ്കിൽ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം മനസിലാക്കി വേണം പ്രതിവിധി കണ്ടെത്താൻ. ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടും, അല്ലാതെയും കുഞ്ഞിക്കരച്ചിലുകൾ പതിവാണ്.
പൊതുവെ കുഞ്ഞുങ്ങൾ കരയുന്നത് വിശന്നിട്ടാണെന്നൊരു ധാരണയുണ്ട്. എന്നാൽ കുഞ്ഞുങ്ങളുടെ കരച്ചിലിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. കുട്ടിക്കരച്ചിലിന് പിന്നിലെ കാരണങ്ങൾ നോക്കിയാലോ?
വിശന്നിട്ടാണ് കരയുന്നതെങ്കിൽ
വിശന്നിട്ടാണ് കരയുന്നതെങ്കിൽ കുഞ്ഞ് സ്വന്തം കൈവിരലുകൾ നുണയുന്നതിലൂടെ നിങ്ങൾക്കത് മനസിലാക്കാൻ കഴിയും. ആഹാരം കൊടുക്കുമ്പോൾ കുഞ്ഞ് ആർത്തിയോടെ കഴിക്കാൻ കൂട്ടാക്കുകയാണെങ്കിലും, കുഞ്ഞിന്റെ കരച്ചിലിന്റെ രഹസ്യം മനസിലാക്കാം.
വിശപ്പ് മാറിയിട്ടും കരച്ചിൽ
വിശപ്പ് മാറിയിട്ടും കുഞ്ഞുങ്ങൾ കരയുന്നുണ്ടങ്കിൽ അതിന്റെ പ്രധാന കാരണം നാപ്കിൻ നനഞ്ഞതായിരിക്കും. അതിനാൽ കുഞ്ഞുങ്ങൾ കരയുമ്പോൾ അവരുടെ നാപ്കിൻ നനഞ്ഞിട്ടുണ്ടോ എന്ന് അമ്മമാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഉറക്കം ലഭിക്കുന്നില്ലെങ്കിലും കരച്ചിൽ
ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിലും കുഞ്ഞുങ്ങൾ കരയാറുണ്ട്. ഉറക്കം വരാൻ സമയം മിക്ക കുഞ്ഞുങ്ങളും കോട്ടുവായിടാറുണ്ട്. അപ്പോൾ തന്നെ കുഞ്ഞിനെ ഉറക്കാൻ അമ്മമാർ ശ്രദ്ധിക്കേണ്ടതുണ്ട്. സ്വസ്ഥമായി ഉറക്കം ലഭിച്ചില്ലെങ്കിലും, ഏതെങ്കിലും തരത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോഴും കുഞ്ഞുങ്ങൾ കരയാറുണ്ട്.
കുഞ്ഞിനെ എടുക്കാൻ
വളരെയധികം സമയം തൊട്ടിലിൽ കിടത്തുന്നതും കുഞ്ഞുങ്ങളുടെ കരച്ചിലിന് കാരണമാകാറുണ്ട്. ഇത് മനസിലാക്കി അമ്മമാർ കുട്ടികളെ എടുത്താൽ അവർ പെട്ടെന്ന് തന്നെ കരച്ചിൽ നിറുത്തുന്നു. ഇവയെല്ലാം കുഞ്ഞിന്റെ ആരാഗ്യകരമായ മാനസികാവസ്ഥയ്ക്ക് ഗുണം ചെയ്യും.
വിവിധ രോഗങ്ങൾ
എന്തെങ്കിലും അസുഖങ്ങൾ വന്നാലും കുഞ്ഞുങ്ങൾ നിർത്താതെ കരയാറുണ്ട്. ഇത്തരം കാര്യങ്ങൾ അമ്മമാർ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ അസുഖങ്ങൾ മനസിലാക്കി പ്രാഥമിക പരിചരണം നൽകുകയോ ഡോക്ടറെ കാണിക്കുകയൊ ചെയ്യാം.