ലാഹോർ: മുൻ പാക്‌നായകൻ വസിം അക്രത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ പേസർ അക്വിബ് ജാവേദ്. അക്രം തന്നെ ഒത്തുകളിക്കാൻ നിരന്തരം പ്രേരിപ്പിച്ചുവെന്നാണ് അക്വിബ് കഴിഞ്ഞ ദിവസം ആരോപിച്ചത്. ഒത്തുകളിക്കാൻ താൻ തയ്യാറാവാതിരുന്നതിനെ തുടർന്ന് പാക് ടീമിൽ നിന്നും അക്രം തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും അക്രം ക്യാപ്ടൻ സ്ഥാനത്തുള്ളിടത്തോളം ദേശീയ ടീമിൽ തന്നെ കളിപ്പിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും അക്വിബ് ഒരു പാക് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വാതുവയ്പുകാരും പാക് താരങ്ങളുമായുള്ള മുഖ്യ കണ്ണി നിര്യാതനായ മുൻതാരം സലിം പർവേസായിരുന്നുവെന്നും അക്വിബ് പറഞ്ഞു.താരങ്ങൾക്ക് ആഡംബര കാറുകളും ലക്ഷക്കണക്കിന് രൂപയുമാണ് വാതുവയ്പ് സംഘം കൈമാറിയത്. തന്നോടും അവർ ഒത്തുകളിക്കണമെന്നാവശ്യപ്പെട്ടു. ഇതിനു കൂട്ടാക്കിയില്ലെങ്കിൽ കരിയർ തന്നെ അവസാനിപ്പിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി . ഇങ്ങനെയൊക്കെ ആയതിനാലാണ് കരിയർ നേരത്തേ അവസാനിപ്പിക്കേണ്ടി വന്നത്. അതിൽ ദു:ഖമില്ലെന്നും അക്വിബ് വ്യക്തമാക്കി. 1998ലാണ് പാക് ക്രിക്കറ്രിനെ പിടിച്ചു കുലുക്കിയ വാതുവയ്പ് വിവാദം ഉണ്ടായത്.