omar-

റിയാദ്: സൗദി അറേബ്യയുടെ അടുത്ത ലക്ഷ്യം താനാണെന്ന് കാനഡയിൽ അഭയം തേടിയ പ്രമുഖ സൗദി വിമർശകനായ ഒമർ അബ്ദുൽ അസീസ്. കനേഡിയൻ അധികൃതർ തന്നെയാണ് മുന്നറിയിപ്പ് നൽകിയതെന്നും സ്വയം പരിരക്ഷിക്കാൻ ആവശ്യമായ മുൻ കരുതലുകൾ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ട വാഷിംഗ്ടൺ പോസ്റ്റ് ജേണലിസ്റ്റ് ജമാൽ ഖഷോഗിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ്‌ 29 കാരനായ ഒമർ.

തന്റെ ജീവന് ഭീഷണിയുണ്ടെന്നും, അത്തരം പദ്ധതികളെ കുറിച്ച് കനേഡിയൻ പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെനും ഒമർ പറഞ്ഞു. അരലക്ഷത്തോളം ട്വിറ്റർ ഫോളോവേഴ്‌സ് ഉള്ള വീഡിയോ ബ്ലോഗറും ആക്ടിവിസ്റ്റുമായ ഇദ്ദേഹം സൗദി സർക്കാരിന്റെ രൂക്ഷ വിമർശകനാണ്. 2018 ൽ, ടൊറന്റോ സർവകലാശാലയിലെ സിറ്റിസൺ ലാബിലെ ഗവേഷകരാണ് സൗദി അറേബ്യയുമായി ബന്ധപ്പെട്ട ഒരു നെറ്റ്‌വർക്ക് ഒമറിന്റെ ഫോൺ ഹാക്ക് ചെയ്യുന്നതായി കണ്ടത്തിയത്. ഹാക്ക് ചെയ്യപ്പെട്ട സമയത്ത്, അബ്ദുൽ അസീസ് വാഷിംഗ്ടൺ പോസ്റ്റ് കോളമിസ്റ്റായ ജമാൽ ഖഷോഗിയുമായി പതിവായി ബന്ധപ്പെട്ടിരുന്നു, അതിനു ശേഷമാണ് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ച് ഖഷോഗി കൊലചെയ്യപ്പെടുന്നത്. ഹാക്കിംഗിനു ശേഷം സൗദിയിലുള്ള അബ്ദുൽ അസീസിന്റെ കുടുംബത്തിലെ നിരവധി അംഗങ്ങളെയും സുഹൃത്തുക്കളെയും സൗദി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.