വാഷിംഗ്ടൺ: കൊവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒക്ക്ലഹാമിലെ തുൾസയിൽ കഴിഞ്ഞദിവസം നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി വൻ പരാജയമായതായി റിപ്പോർട്ട്. വലിയ ജനപങ്കാളിത്തം പ്രതീക്ഷിച്ച് നടത്തിയ യോഗം ഒരു ചലനവും സൃഷ്ടിച്ചില്ലെന്നാണ് വിലയിരുത്തൽ.
ട്രംപിന്റെ മകൾ ഇവാൻക ട്രംപും മരുമകൻ ജറാഡ് കുഷ്നറും റാലി പരാജയപ്പെട്ടതിന്റെ കാരണം അന്വേഷിക്കുകയാണെന്നാണ് റിപ്പോർട്ട്. റാലി പരാജയപ്പെടാൻ പല കാരണങ്ങൾ പറയുന്നുണ്ട്. അതിൽ ഒന്ന് കൊവിഡ് മുന്നറിയിപ്പ് നിലവിലുള്ളതാണ്. ട്രംപിന്റെ പ്രചാരണ വിഭാഗത്തിലെ ചിലർക്ക് രോഗം ബാധിച്ചുവെന്ന റിപ്പോർട്ടുകൾ യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ വ്യാപകമായിരുന്നു. ഈ വാർത്ത പുറത്തുവിട്ടതിന് ട്രംപ് തന്റെ ഉദ്യോഗസ്ഥരോട് ഉടക്കിയിരുന്നതായാണ് സൂചന. മറ്റൊന്ന് ട്രംപിന്റെ ജനപ്രീതിയിൽ സമീപകാലത്തുണ്ടായ വലിയ ഇടിവാണ്. എന്നാൽ ഇതിനെല്ലാം പുറമെ പരിപാടി അട്ടിമറിക്കാൻ ചില ടിക് ടോക് താരങ്ങൾ ബോധപൂർവം രംഗത്തിറങ്ങിയതാണ് പരാജയകാരണമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
പരിപാടിയിൽ പങ്കെടുക്കാനായി വ്യാപകമായി ടിക്കറ്റുകൾ ബുക്ക് ചെയ്ത്, സംഘാടകരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുകയും പിന്നീട് പരിപാടിക്ക് എത്താതിരിക്കുകയുമാണ് ടിക് ടോക് താരങ്ങൾ ചെയ്തതെന്നാണ് വിവരം. പരിപാടി നടന്ന ഹാളിൽ 19,000 പേർക്കായിരുന്നു ഇരിക്കാൻ സൗകര്യമുണ്ടായിരുന്നത്. എന്നാൽ കസേരകളിൽ പകുതിയലധികവും ഒഴിഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞ ചില ആഴ്ചകളായി അഭിപ്രായ സർവെകളിൽ ട്രംപിന്റെ ജനപ്രീതിയിൽ കുറവുണ്ടാവുകയാണ്. ഇത് പിടിച്ചുനിറുത്തി, ആവേശം ഉണ്ടാക്കാൻ ലക്ഷ്യമിട്ടായിരുന്നു ആരോഗ്യ വിദഗ്ദ്ധരുടെയടക്കം ഉപദേശങ്ങൾ ലംഘിച്ച് പരിപാടി സംഘടിപ്പിച്ചത്. ഈ നീക്കമാണ് പൊളിഞ്ഞു പോയത്.