ശ്രീനഗർ: അതിർത്തിയിൽ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. രജൗരിയിലെ നിയന്ത്രണരേഖയ്ക്ക് സമീപം നടത്തിയ ഷെല്ലാക്രമണത്തിലാണ് സൈനികൻ വീരമൃത്യുവരിച്ചത്. ഈ മാസം 5 ന് ശേഷം നിയന്ത്രണ രേഖയിൽ വീരമൃത്യു വരിക്കുന്ന നാലാമത്തെ സൈനികനാണിത്.
അതിർത്തിയിലെ പൂഞ്ച്, കൃഷ്ണഘട്ട് മേഖലയിലും പാക് സൈന്യം ഷെല്ലാക്രമണം നടത്തി. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് പൂഞ്ചിലെ കൃഷ്ണ ഘട്ടിൽ പാകിസ്ഥാൻ സൈന്യം വെടിനിറുത്തൽ കരാർ ലംഘിച്ചതെന്ന് പ്രതിരോധ വക്താവ് വ്യക്തമാക്കി. പാക് സൈന്യം ഈ വർഷം 1,400 ലധികം തവണയാണ് വെടിനിറുത്തൽ കരാർ ലംഘിക്കുന്നത്. ഇതിനിടെ, അനന്ത്നാഗിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ രാത്രി വൈകിയും തുടരുകയാണ്. വെരിനാഗ് കപ്രൻ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടയിലാണ് പാക് സൈന്യത്തിന്റെ ആക്രമണം. മൂന്ന് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.